എറണാകുളം പാലാരിവട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായി.അസം സ്വദേശി യാസിർ അറഫാത്താണ് എക്സൈസിന്റെ പിടിയിലായത്. കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലും രാത്രി കാലങ്ങളിൽ ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്.പുലർച്ചെ രണ്ട് മണിയോടെയാണ് പാലാരിവട്ടത്തു നിന്ന് യാസിർ അറാഫത്ത് എക്സൈസ് പരിശോധനാ സംഘത്തിന്റെ പിടിയിലാവുന്നത്.ഉദ്യോഗസ്ഥർ ബാഗും പാന്റിന്റെ പോക്കറ്റും പരിശോധിച്ചപ്പോൾ 14 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.എംഡിഎംഎ കണ്ടെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.ബാഗിനുള്ളിൽ പ്രത്യേക കവറിലാക്കി പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു ഇത്.
മറ്റൊരു സംഭവത്തിൽ ഒരു കിലോ കഞ്ചാവുമായി 21കാരനായ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു.പതിനാറാം വയസിൽ പെയിന്റിങ് ജോലികൾക്കായി കേരളത്തിൽ എത്തിയ ഈ യുവാവ് പിന്നീട് ഇവിടെ കഞ്ചാവ് വിൽപനയിലേക്ക് കടക്കുകയായിരുന്നു എന്നാണ് ഡാൻസാഫിന് കിട്ടിയ വിവരം.ഇന്നലെ രാത്രിയായിരുന്നു ഇയാൾ കാക്കനാട് നിന്ന് പൊലീസിന്റെ പിടിയിലായത്.
സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ലഹരി വിൽപനക്കാർക്കെതിരെ കൊച്ചിയിലും ശക്തമായ പരിശോധനകളാണ് നടന്നുവരുന്നത്. ഇത്തരമൊരു പരിശോധനയിലാണ് രണ്ട് സ്ഥലങ്ങളിൽ നിന്നായി രണ്ട് പേർ കുടുങ്ങിയത്.