സോഷ്യൽ മീഡിയ കൊടുങ്കാറ്റായി മാറിയ ചൈനയിലെ വെള്ളച്ചാട്ടത്തെ കുറിച്ചാണ് പറയാൻ പോകുന്നത്.
ടിക് ടോക്കിൻ്റെ ചൈനീസ് പതിപ്പായ ഡൗയിനിലാണ് ഒരു ട്രാവലർ വീഡിയോ പോസ്റ്റ് ചെയ്തത്.
ഹെനാൻ പ്രവിശ്യയിലെ യുൻതായ് പർവത സുന്ദരമായ പ്രദേശം പ്രകൃതി ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സന്ദർശകരുടെ ഒരു ജനപ്രിയ സ്ഥലമാണ്.
വെള്ളച്ചാട്ടം യുൻതായ് പർവ്വതനിരയുടെ മുകളിൽ നിന്നാണ് താഴേക്ക് പതിക്കുന്നത്.
ഒരു തടസ്സവുമില്ലാതെ എപ്പോഴും താഴേക്ക് വീഴുന്ന വെള്ളച്ചാട്ടം പൈപ്പിലൂടെ കുതിച്ചു ചാടി വരുന്ന വെള്ളമാണെന്ന് കണ്ടെത്തുന്ന വീഡിയോയിലൂടെ വെള്ളച്ചാട്ടം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് പുറം ലോകം അറിഞ്ഞു.
വീഡിയോ വൈറലായതോടെ യുൻതായ് ടൂറിസം പാർക്കിൻ്റെ നടത്തിപ്പുകാർ ഇത് സത്യമാണെന്ന് സമ്മതിച്ചു തരികയായിരുന്നു.
വേനലിൽ ആളുകളെ ആകർഷിക്കാൻ ഇത് അനിവാര്യമായിരുന്നുവെന്ന് അവർ അവകാശപ്പെട്ടു.
312 മീറ്റർ യുൻതായി വെള്ളച്ചാട്ടം യുനെസ്കോയുടെ ഗ്ലോബൽ ജിയോപാർക്കായ യുൻതായി മൗണ്ടൻ ജിയോപാർക്കിൻ്റെ ഭാഗമാണ്.
ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ ഒരു ബില്യൺ വർഷങ്ങൾ പഴക്കമുള്ള യൻതായി കാണാൻ വരുന്നുണ്ട്.
ചൈനയിലെ ഏറ്റവും വലിയ ഇടതടവില്ലാതെ കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടം എന്ന പേരിൽ പ്രസിദ്ധി നേടിയ ഒന്നായിരുന്നു യുൻതായി.
വെള്ളച്ചാട്ടത്തിൻ്റെ ഉറവിടം കണ്ടെത്താൻ ട്രാവലർ പാറക്കെട്ടുകളിലൂടെ മുകളിലേക്ക് കയറുകയായിരുന്നു.
വെള്ളച്ചാട്ടത്തിലേക്ക് വെള്ളം വിതരണം ചെയ്യുന്ന നിരവധി വാട്ടർ പൈപ്പുകൾ വീഡിയോയിൽ കാണാം.
വിവാദം രൂക്ഷമായപ്പോൾ വിവിധ സീസണുകളിലുള്ള യുൻതായി വെള്ളച്ചാട്ടം കാണിക്കുന്ന വീഡിയോ പാർക്കിൻ്റെ മാനേജ്മെൻ്റ് പോസ്റ്റ് ചെയ്തു. മഞ്ഞുകാലത്ത് പാറയുടെ വശങ്ങളിൽ തണുത്തുറഞ്ഞ ഹിമപാളികൾ മുതൽ ജൂലൈ മുതൽ സെപ്തംബർ വരെ ശക്തിയായി പതിക്കുന്ന വെള്ളത്തിൻ്റെ ദൃശ്യങ്ങൾ വരെ ആ വീഡിയോയിൽ ഉണ്ട്. വെള്ളച്ചാട്ടത്തിൻ്റെ ശക്തമായ സ്പ്രേയിൽ നിന്ന് വിനോദസഞ്ചാരികൾ കുടകൾ പിടിച്ച് നനഞ്ഞൊഴുകുന്നതും വീഡിയോയിൽ കാണാം.
സന്ദർശകരെ ഏറെ നാളായി തെറ്റിദ്ധരിപ്പിച്ചു എന്നതിനാൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നു.