താമരൈ, കമല, പത്മ, അംബുജ, പങ്കജ, കന്‍വാള്‍ തുടങ്ങിയവയെല്ലാം താമരയുടെ മറ്റ് പേരുകളാണ്. ഇന്ത്യയുടെ ദേശീയപുഷ്പമാണ് താമര. ഫലപ്രാപ്തി, ആത്മീയത, സമ്പത്ത്, അറിവ്, അലങ്കാരം എന്നിവയുടെ പ്രതീകമായി സങ്കല്‍പ്പിച്ചിട്ടാണ് ഈ പൂവിനെ ദേശീയപുഷ്പമായി അംഗീകരിച്ചിരിക്കുന്നത്.
ചെളിയിലാണ് വളരുന്നതെങ്കിലും താമരപ്പൂവിനെ വിശുദ്ധിയുടെ പ്രതീകമായിട്ടാണ് കരുതുന്നത്. വിടര്‍ന്ന താമര ഹൃദയത്തിന്‍റെയും മനസ്സിന്‍റെയും പരുശുദ്ധിയുടെ അടയാളമാണ്. കുളങ്ങളിലും തടാകങ്ങളിലും ചെളിയുടെ ആഴങ്ങളില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന താമരയുടെ ഇലകള്‍ വെള്ളത്തില്‍ ഒഴുകിനടക്കുന്നവയാണ്. നീണ്ട തണ്ടുകളിലെ അറകളില്‍ വായു നിറഞ്ഞിരിക്കുന്നു.
ഒന്നിനുമേല്‍ ഒന്നായി ഒരേ പോലെ അടുക്കിവെച്ചിരിക്കുന്നവയാണ് താമരയിതളുകള്‍. പൂത്തു വിടര്‍ന്നു നില്‍ക്കുന്ന താമര കാണുന്നതു തന്നെ കണ്ണിനാനന്ദകരമാണ്. ജലസസ്യങ്ങളില്‍ മനോഹരിയാണ് താമര. ഒരു പ്രാവശ്യം ഈ പൂവിനെ കണ്ടവര്‍ പിന്നീട് ജീവിതത്തിലൊരിക്കലും അതിനെ മറക്കില്ലെന്നാണ് ചൈനാക്കാര്‍ പറയുന്നത്.
നെലുംബോ എന്ന സസ്യവിഭാഗത്തില്‍പെടുന്ന ജലസസ്യമാണ് താമര. താമരപ്പൂവിന് 20 മുതല്‍ 30 സെന്‍റീമീറ്റര്‍ വരെ വ്യാസമുണ്ടാകാറുണ്ട്. ജലാശയത്തില്‍ വിരിഞ്ഞുനില്‍ക്കുന്ന താമര മൂന്നു ദിവസത്തേക്ക് വാടുകയില്ല. അതിനുശേഷം ഓരോ ഇതളുകളായി പൊഴിയുന്നു. അവസാനം അതിനുള്ളിലെ വിത്തുകള്‍ മാത്രം അവശേഷിക്കുന്നു. ഈ വിത്തുകള്‍ പഴുത്ത് പാകമായി കറുത്ത നിറമാകുന്നു. ഉണങ്ങിയ വിത്ത് ജലത്തില്‍ പതിക്കുന്നു. ഈ വിത്തില്‍ നിന്നും പുതിയ ചെടി മുളപൊട്ടുന്നു.
നന്നായി വളരണമെങ്കില്‍ താമരയ്ക്ക് ദിവസവും ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശം ആവശ്യമാണ്. അതികഠിനമായ തണുപ്പില്‍ താമര വളരാറില്ല. താമരയിലകള്‍ക്ക് 50 സെന്‍റീമീറ്റര്‍ വരെ വ്യാസമുണ്ടാകാറുണ്ട്. മധ്യപ്രദേശിലെ ബാന്ധവ്ഗഡ് നാഷണല്‍ പാര്‍ക്കിലും കേരളത്തിലെ ഇരവികുളം ദേശീയപാര്‍ക്കിലും താമര ധാരാളമായി വളരുന്നു.
ഈജിപ്റ്റില്‍ സെസെന്‍ എന്നാണ് താമരയുടെ പേര്. സൂര്യന്‍, സൃഷ്ടി, പുനര്‍ജന്മം എന്നിവയുടെ പ്രതീകമായി ഈജിപ്റ്റുകാര്‍ താമരയെ കാണുന്നു. താമരപ്പൂ രാത്രി മിഴി കൂപ്പുകയും പ്രഭാതത്തില്‍ മിഴി തുറക്കുകയും ചെയ്യുന്നതുതന്നെയാണ് ഇതിനു കാരണം. ഈജിപ്റ്റിലെ ഐതിഹ്യകഥകളിലും ഈ പൂവിന് പ്രാധാന്യമുണ്ട്. ഈജിപ്റ്റില്‍ താമരപ്പൂ 1000 എന്ന സംഖ്യയെ പ്രതിനിധാനം ചെയ്യുന്നു. രണ്ടു താമരപ്പൂക്കള്‍ 2000 എന്ന സംഖ്യയെയും.
വെള്ളത്താമരയും നീലത്താമരയുമാണ് ഈജിപ്റ്റില്‍ വളരുന്നത്. പില്‍ക്കാലത്ത് പേര്‍ഷ്യയില്‍ നിന്നും ചുവന്ന താമരയും ഈജിപ്റ്റിലെത്തി. നൈല്‍നദിയാണ് നീലത്താമരയുടെ ജന്മദേശം. ഈജിപ്റ്റില്‍ ഫരാഹോയുടെ ശവകുടീരം തുറന്നപ്പോള്‍ തൂത്തഖാമന്‍റെ ശരീരത്തില്‍ നിറയെ താമരപ്പൂക്കള്‍ വിതറിയിരുന്നതായി കണ്ടെത്തിയിരുന്നു. രോഗങ്ങള്‍ക്ക് ഔഷധമായും ആരോഗ്യം നിലനിര്‍ത്താനും ഈജിപ്റ്റുകാര്‍ പണ്ടുമുതല്‍ക്കുതന്നെ താമര കഴിച്ചിരുന്നുവത്രേ.