ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും പട്രോളിംഗ് തുടങ്ങി. സൈനിക പിന്‍മാറ്റം പൂര്‍ത്തിയായതിന് പിന്നാലെയാണ് നിയന്ത്രണരേഖയില്‍ പട്രോളിംഗ് ആരംഭിച്ചത്.സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് ഇരു സേനകളും നിര്‍മിച്ച താല്‍ക്കാലിക നിര്‍മിതികള്‍ പൊളിച്ചുമാറ്റി. ടെന്റുകളും ബങ്കറുകളും അടക്കമുള്ള നിര്‍മാണങ്ങളാണ് നീക്കിയത്. ടാങ്കുകളും പീരങ്കികളും മറ്റ് വാഹനങ്ങളും ബേസ്‌ക്യാമ്പിലേക്ക് മാറ്റി. ഇരുസേനകളും മുഖാമുഖം വരാതെയാണ് പട്രോളിംഗ്. സൈനിക പിന്‍മാറ്റത്തില്‍ വ്യക്തത വരുത്താന്‍ നേരിട്ടും ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുമുള്ള പരിശോധനകള്‍ നടക്കുന്നുണ്ട്.
കിഴക്കന്‍ ലഡാക്കിലെ ഡെപ്‌സാംഗ്, ഡെംചോക് മേഖലകളില്‍ നിന്നാണ് സേനകള്‍ പിന്‍മാറിയത്. 2020ല്‍ ഗല്‍വാനിലുണ്ടായ ഏറ്റുമുട്ടലിനെതുടര്‍ന്നാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തത്. 2020 ന് മുന്‍പുള്ള നിലയിലേക്കാണ് സൈനികര്‍ പിന്‍മാറിയത്. ഏറ്റുമുട്ടലില്‍ ഇന്ത്യക്ക് ഇരുപതോളം സൈനികരെയാണ് നഷ്ടമായത്. ചൈനക്ക് 40 സൈനികരെ നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും സ്ഥിരീകരണമുണ്ടായില്ല. റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് തൊട്ടുമുന്‍പാണ് സൈനികരെ പിന്‍വലിക്കാന്‍ ധാരണയായത്. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജന്‍പിംഗും ചര്‍ച്ചനടത്തിയിരുന്നു.അതിര്‍ത്തിയില്‍ സൈനിക വിന്യാസം കുറക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരും.