പാലക്കാട് വല്ലപ്പുഴയില്‍ 15 കാരിയെ കാണാതായിട്ട് അഞ്ചു ദിനം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനാവാതെ പൊലീസ്. ഡിസംബർ 30 ന് വീട്ടില്‍ നിന്നും സ്കൂളിലേക്കിറങ്ങിയ ചൂരക്കോട് അബ്ദുല്‍ കരീമിൻറെ മകള്‍ ഷഹന ഷെറിനെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ 36 അംഗ സംഘം അഞ്ചു ടീമുകളായി പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ കണ്ടെത്താനാവാത്തതില്‍ ആശങ്കയിലാണ് രക്ഷിതാക്കള്‍.
ഡിസംബ൪ 30ന് രാവിലെ ചൂരക്കോട്ടെ വീട്ടില്‍ നിന്നും ട്യൂഷൻ സെൻററിലേക്കിറങ്ങിയതായിരുന്നു ഷഹന ഷെറിൻ. ഒൻപതു മണിയോടെ ട്യൂഷൻ ക്ലാസ് വിട്ടു. ശേഷം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളോട് ബന്ധുവീട്ടില്‍ പുസ്തകമെടുക്കാനെന്ന് പറഞ്ഞായിരുന്നു ഷഹന പോയത്. കൂട്ടുകാരികള്‍ക്ക് മുന്നില്‍ നിന്നു തന്നെ വസ്ത്രവും മാറി. സമയമായിട്ടും സ്കൂളിലെത്താതായതോടെ രക്ഷിതാക്കളെ സ്കൂള്‍ അധികൃത൪ വിവരമറിയിച്ചു. പിന്നാലെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.