18 മത് പ്രവാസി ഭാരതീയ ദിവസിന് ഭുവനേശ്വറില്‍ തുടക്കമായി. നോര്‍ക്ക നേട്ടങ്ങളുടെ കലണ്ടര്‍ എം.എ യൂസഫലി പ്രകാശനം ചെയ്തു. ജനുവരി 08 മുതല്‍ 10 വരെ ചേരുന്ന 18-ാം പ്രവാസി ഭാരതീയ ദിവസിന് (PBD) ഒഡിഷയിലെ ഭുവനേശ്വറിൽ തുടക്കമായി. ഔദ്യോഗിക ഉദ്ഘാടനം ജനുവരി 09 ന് ബഹു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നിര്‍വ്വഹിക്കും. ചടങ്ങില്‍ ട്രിനിഡാഡ് ആൻഡ് ടുബാഗോ പ്രസിഡന്റ് ക്രിസ്റ്റിൻ കാർല കാങ്ങലൂ മുഖ്യാതിഥിയാകും. ബഹു.രാഷ്ട്രപതി ശ്രീമതി. ദ്രൗപതി മുര്‍മു അധ്യക്ഷത വഹിക്കുന്ന സമാപനസമ്മേളനത്തില്‍ (ജനു.10) പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങളും സമ്മാനിക്കും. നോര്‍ക്കയുടെ ഇക്കഴിഞ്ഞ കലണ്ടര്‍വര്‍ഷത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച അച്ചീവ്മെന്റ് കലണ്ടര്‍ ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഡോ.എം.എ യൂസഫലി മസ്കറ്റിലെ ഇന്ത്യൻ എംബസി ഓണററി കോൺസുലർ (സലാല മേഖല) ഡോ. സനാതനനു നല്‍കി പ്രകാശനം ചെയ്തു. പ്രവാസികേരളീയരും, നോര്‍ക്ക പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. നോര്‍ക്ക റൂട്ട്സിന്റെ 2025 ജനുവരിയിലെ ആദ്യ ന്യൂസ് ലെറ്റര്‍ ജനറല്‍ മാനേജര്‍ രശ്മി റ്റി ഡോ. എം. എ യൂസഫലിക്ക് കൈമാറി. സംസ്ഥാനത്തുനിന്നും നോർക്ക വകുപ്പ് അഡീഷണൽ സെക്രട്ടറി ബി. സുനിൽ കുമാർ, നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ രശ്മി.റ്റി, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുളള 08 അംഗ പ്രതിനിധി സംഘമാണ് പ്രവാസിഭാരതീയ ദിവസില്‍ പങ്കെടുക്കുന്നത്.
പ്രവാസി ഭാരതീയ ദിവസിന്റെ ആദ്യദിനമായ ബുധനാഴ്ച ചേര്‍ന്ന യുവ പ്രവാസി ഭാരതീയ ദിവസില്‍ കേന്ദ്രമന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യ, ഡോ. എസ്. ജയശങ്കർ, ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരണ മാജി, ന്യൂസ് വീക്ക് സി.ഇ.ഒ ഡോ. ഡേവ് പ്രഗദ്, കേന്ദ്രസഹമന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 70 രാജ്യങ്ങളില്‍ നിന്നായി 3000 ത്തോളം ഇന്ത്യന്‍ പ്രവാസിപ്രതിനിധികളാണ് ചടങ്ങുകളില്‍ സംബന്ധിക്കുക. വികസിത ഭാരതത്തിനായുള്ള പ്രവാസികളുടെ സംഭാവന എന്നതാണ് ഇത്തവണത്തെ പ്രമേയം. 1915-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ് പ്രവാസി ഭാരതീയ ദിവസ്. ചടങ്ങില്‍ പങ്കെടുക്കുന്ന പ്രവാസികേരളീയ പ്രതിനിധികളുമായും നോര്‍ക്ക സംഘം ആശയവിനിമയം നടത്തും.