14-ാം തീയതി ചേർന്ന യോഗത്തില്‍ ഏകീകൃത കുർബാന വിഷയത്തില്‍ തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് സിനഡ് ഇന്ന് വീണ്ടും ചേരുന്നത്.
ഏകീകൃത കുർബാന അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത വിമത വിഭാഗത്തിനെതിരെ അന്തിമ നടപടി പ്രഖ്യാപിക്കാനായിരുന്നു ജൂണ്‍ 14ന് അടിയന്തര സിനഡ് യോഗം ചേർന്നത്.
എന്നാല്‍ ചില മുതിർന്ന മെത്രാന്മാർ വിമതർക്ക് അനുകൂലമായി സംസാരിച്ചതോടെ ഏകാഭിപ്രായത്തില്‍ എത്താൻ യോഗത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നാണ് ഇന്ന് വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായി അടിയന്തര സിനഡ് യോഗം പുനരാരംഭിക്കുവാൻ തീരുമാനിച്ചത്.
ഏകീകൃത കുർബാന വിഷയത്തിലുള്ള ചർച്ച്‌ക്കൊപ്പം വൈദികർക്കെതിരായ നടപടികള്‍ക്കായി സഭാ കോടതി സ്ഥാപിക്കുക, അതിരൂപതാ കൂരിയ പുനഃസംഘടിപ്പിക്കുക, എറണാകുളം – അങ്കമാലി അതിരൂപത വിഭജിക്കുക തുടങ്ങിയ അജണ്ടകള്‍ കൂടി സിനഡില്‍ ചർച്ചയാകും.
സഭാ കൂരിയായുടെ പ്രവർത്തനത്തില്‍ കഴിഞ്ഞദിവസം ചേർന്ന സിനഡ് യോഗത്തില്‍ മുതിർന്ന മെത്രാന്മാർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.
എറണാകുളം – അങ്കമാലി അതിരൂപതയിലെ കുർബാന ഏകീകരണം എന്ന ഏക അജണ്ടയുമായി രണ്ട് മണിക്കൂർ മാത്രം ചേർന്ന് പിരിയാനും മുൻകൂട്ടി തയ്യാറാക്കിയ സർക്കുലർ സിനഡ് അംഗങ്ങളെ വായിച്ച് കേള്‍പ്പിച്ച് അംഗീകാരം നേടാമെന്നുമുള്ള സീറോമലബാർ സഭ കൂരിയായുടെ കണക്കുകൂട്ടലുകള്‍ തെറ്റിയതാണ് സിനഡ് സമ്മേളനം നീളാൻ ഇടയാക്കിയത്.