2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനസമക്ഷം അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്റെ പുരോഗതി മന്ത്രിസഭയുടെ മൂന്നാം വാർഷിക വേളയിൽ പ്രസിദ്ധീകരിക്കുകയാണ്.
കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം ലോകശ്രദ്ധയാകർഷിച്ച ഒന്നാണ്. കേരളം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംവദിക്കാനും പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനും നോബൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ലോക പ്രശസ്‌തരായ വിദഗ്‌ധർ കേരളീയം 2023 ന്റെ ഭാഗമായി നടന്ന സെമിനാറുകളിൽ പങ്കെടുക്കുകയുണ്ടായി. ഇവരുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് നടപ്പിൽവരുത്തുവാനായി വിവിധ വകുപ്പുകൾ ശ്രദ്ധാപൂർവ്വം നടപടികൾ സ്വീകരിച്ചുവരികയാണ്.
കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തെക്കുറിച്ച് സംവദിക്കാനും വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാനും സംസ്ഥാനത്തെ മന്ത്രിസഭാ അംഗങ്ങൾ ഒന്നാകെ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാൻ 140 നിയസഭാ മണ്ഡലങ്ങളിലും യാത്ര നടത്തി. നല്ല സ്വീകാര്യതയാണ് യാത്രയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട നവകേരള സദസ്സുകൾക്ക് ലഭിച്ചത്.
സാമൂഹ്യസുരക്ഷയ്ക്കും പശ്ചാത്തലസൗകര്യ വികസനത്തിനും ഊന്നൽ നൽകുന്ന വികസന മുന്നേറ്റമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. മാനവവിഭവ ശേഷി സൂചികകളിൽ രാജ്യത്ത് ഒന്നാം സ്ഥാനം തുടർച്ചയായി കേരളത്തിന് നിലനിർത്താൻ കഴിയുന്നതിൽ നമുക്ക് ഏവർക്കും അഭിമാനിക്കാവുന്നതാണ്.
സാമൂഹ്യക്ഷേമ പെൻഷൻ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള സംവിധാനം 2016 ൽ അധികാരത്തിൽ വന്ന സർക്കാർ ഏർപ്പെടുത്തി. കേന്ദ്ര നടപടികളുടെ ഭാഗമായുണ്ടായ സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമപെൻഷനുകളുടെ വിതരണം ഉറപ്പുവരുത്താൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്.
ഭവനരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആവിഷ്ക്കരിച്ച ലൈഫ് പദ്ധതി മുഖേന 2016 ൽ മുൻ സർക്കാർ അധികാരത്തിൽ വന്നത് മുതൽ 4,03,811 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. 2021 ന് ശേഷം 1,41,680 വീടുകൾ പൂർത്തികരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും നിലവിലുള്ളപ്പോഴാണ് ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന മലയോര-തീരദേശ ഹൈവേകളുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. ദേശീയപാത വികസനത്തിന്റെ പ്രവർത്തനങ്ങൾ നാല് റീച്ചുകൾ പൂർത്തീകരിച്ചു. മറ്റു റീച്ചുകൾ അതിവേഗം പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം സാമ്പത്തിക വിഹിതം നൽകുന്നത് ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളാണ് ദേശീയപാത വികസനം യാഥാർത്ഥ്യമാക്കിയത്.
നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായതും പരിസ്ഥിതി സൗഹൃദമായതുമായ വ്യവസായ സംരംഭങ്ങളുടെ കാര്യത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2016 ന് ശേഷം 4,945 സ്റ്റാർട്ടപ്പുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന നടപടികളുടെ ഭാഗമായി സർക്കാർ മുൻകയ്യെടുത്ത് 2023 ൽ സംരംഭകത്വവർഷമായി ആചരിച്ചു. 2021 മുതൽ നാളിതുവരെ 2,44,702 സംരംഭങ്ങൾ ആരംഭിച്ചി ട്ടുണ്ട്. ഇവയിൽ 15,559.84 കോടി രൂപയുടെ നി ക്ഷേപം ഉണ്ടായിട്ടുണ്ട്. 5,20,945 പേർക്ക് തൊഴിൽ ലഭ്യമായി.പി.എസ്.സി വഴി നിയമനം നൽകുന്ന കാര്യത്തിൽ സർക്കാരിന് ഉറച്ച നിലപാടാണുള്ളത്. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ 37,124 ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് നൽകി യിട്ടുണ്ട്. കാർഷികോൽപാദനവർദ്ധനയും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കലും ലക്ഷ്യമിട്ട് 2022 ഏപ്രിൽ മാസം മുതൽ സർക്കാർ നടപ്പാക്കി വരുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ 2024 മെയ് മാസം വരെ 2,36,344 തൊഴിലവസരങ്ങൾ കാർഷിക മേഖലയിൽ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. നാലുവർഷ ബിരുദ കോഴ്സുകൾ, ക്യാമ്പസ്സുകളിൽ സ്റ്റാർട്ടപ്പ് സംരംഭം ആരംഭിക്കൽ, ഗവേഷണ ഫലങ്ങൾ സമൂഹത്തിന് പ്രയോജനപ്രദമായ രീതിയിൽ പരിവർത്തനം ചെയ്യാനുള്ള ട്രാൻസിലേഷണൽ ഗവേണഷ കേന്ദ്രങ്ങൾ വിവിധ സർവ്വകലാശാലകളിൽ ആരംഭിക്കൽ എന്നിവയ്ക്കുള്ള നടപടികൾ പൂർത്തീകരിച്ചു. ഇതിനുപുറമെ ആരോഗ്യ, പൊതുവിദ്യാഭ്യാസ പരിസ്ഥിതി മേഖലകളിൽ മിഷൻ മാതൃകയിലുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണ്. കേരള സർക്കാർ ജനാധിപത്യം മതനിരപേക്ഷത ഉൾപ്പെടെയുള്ള ഭരണഘടനാമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും അവ ഭാവിതലമുറയ്ക്ക് പകർന്നു നൽകാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് സുഗമമായി ലഭ്യമാക്കാൻ ഓൺലൈൻ പ്ലാറ്റ് ഫോമുകൾ വികസിപ്പിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ കെ-സ്മാർട്ട് വഴി ലഭ്യമാക്കുന്നുണ്ട്. സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണെന്ന് അംഗീകരിക്കുകയും അവ സുതാര്യമായി ലഭ്യമാക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
നിങ്ങൾക്ക് ഏവർക്കും അറിയാവുന്നതുപോലെ 2021ന് ശേഷം സംസ്ഥാനം പല വെല്ലുവിളികളും നേരിടുകയാണ്. വായ്‌പാ പരിധിയിൽ കേന്ദ്രസർക്കാർ കുറവ് വരുത്തുമ്പോഴും ചെലവുകൾ ക്രമീകരിച്ചും തനത് വരുമാനം വർദ്ധിപ്പിച്ചും സാമ്പത്തിക ഞെരുക്കത്തെ നേരിടുവാനുള്ള ശക്തമായ നടപടികൾ സംസ്ഥാനം കൈക്കൊള്ളുകയുണ്ടായി. മറിച്ചുള്ള പ്രചരണങ്ങൾ ഉണ്ടെങ്കിലും കേരളം നേരിടുന്ന പ്രശ്നങ്ങളെ ജനപിന്തുണയോടെ അതിജീവിക്കുന്നതിനും നവകേരള സൃഷ്ടി എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിൽ പദ്ധതി തയ്യാറാക്കി വിജയകരമായി നടപ്പിൽ വരുത്തുന്നതിനുമാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സർക്കാർ കൈവരിച്ച പുരോഗതിയുടെ വകുപ്പ് തലത്തിലുള്ള വിശദാംശങ്ങൾ പ്രോഗ്രസ്സ് റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. എല്ലാ വർഷവും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം സർക്കാരിന് നടപ്പാക്കാൻ കഴിഞ്ഞുവെന്നതിന്റെ റിപ്പോർട്ട് ഈ വർഷവും സമർപ്പിക്കുകയാണ്. നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഫലപ്രദമായ രീതിയിൽ പരിപാടികൾ നടപ്പാക്കാൻ അത് ഞങ്ങളെ ഏറെ സഹായിക്കും.