പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയ പുതിയ മന്ത്രിസഭയിൽ 99 ശതമാനം പേരും കോടീശ്വരന്മാർ.
ആറുപേർക്ക് 100 കോടിയിലേറെ രൂപയുടെ സ്വത്തുണ്ട്. കേന്ദ്രമന്ത്രിമാരുടെ ശരാശരി ആസ്തി 107.94 കോടി രൂപയാണെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ചൂണ്ടിക്കാട്ടുന്നു. ഗ്രാമവികസന-വാർത്താവിനിമയ സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനിയാണ് മന്ത്രിമാരിലെ കോടാനുകോടീശ്വരൻ.
5598.65 കോടി രൂപയുടെ ജംഗമ ആസ്തികളും 106.82 കോടിയുടെ സ്ഥാവര സ്വത്തും ഉൾപ്പെടെ 5705.47 കോടിയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.
വാർത്താവിനിമയം, വടക്കു കിഴക്കൻ മേഖല വികസന കാബിനറ്റ് മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യയാണ് കോടീശ്വരന്മാരിലെ രണ്ടാമൻ-ആസ്തി 424.75 കോടി. ഘനവ്യവസായം, സ്റ്റീൽ വകുപ്പുകളുടെ ചുമതലയുള്ള എച്ച്.ഡി.
കുമാരസ്വാമിക്ക് 217.23 കോടിയുടെ സ്വത്തുണ്ട്. റെയിൽവേ, വാര്‍ത്താവിതരണം, ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ ആസ്തി 144.12 കോടിയാണ്.
സ്റ്റാറ്റിസ്റ്റിക്സ്-പദ്ധതി നിര്‍വഹണം, നയരൂപവത്കരണം, സാംസ്കാരികം വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള റാവു ഇന്ദ്രജിത് സിങ്ങിന് 121.54 കോടിയാണ് സമ്പാദ്യം. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് 110.95 കോടി രൂപയുടെയും സ്വത്തുണ്ട്.