പൊരുതിക്കളിച്ച് ബ്ലാസ്റ്റേഴ്‌സ്; ഹോം മത്സരത്തിൽ മുംബൈ സിറ്റിയോട് തോൽവി

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ മഞ്ഞപ്പടയെ സാക്ഷിയാക്കി നടന്ന ആവേശകരമായ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്‌ സിയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്.കളിക്കളത്തിൽ മികച്ച പോരാട്ടവീര്യം പുറത്തെടുത്തിട്ടും നിർണ്ണായക നിമിഷങ്ങളിലെ ചെറിയ വ്യത്യാസങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.

ആരാധകരുടെ വലിയ പിന്തുണയോടെ ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. വിക്ടർ ബെർട്ടോമിയുവും തിംഗുജം കോറൗ സിംഗും മുംബൈ പ്രതിരോധത്തിന് നിരന്തരം ഭീഷണി ഉയർത്തി. വിങ്ങുകളിലൂടെ പന്തുമായി കുതിച്ചും കൃത്യമായ പാസുകളിലൂടെ മുന്നേറ്റങ്ങൾ മെനഞ്ഞും ബ്ലാസ്റ്റേഴ്‌സ് കളം നിറഞ്ഞു.

മത്സരത്തിന്റെ 24-ാം മിനിറ്റിൽ മുംബൈ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി തടഞ്ഞിട്ട ഗോൾകീപ്പർ അർഷ് ഷെയ്ഖ് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. പെരേര ഡയസിന്റെ കിക്ക് കൃത്യമായി വലതുവശത്തേക്ക് ഡൈവ് ചെയ്ത് അർഷ് രക്ഷപ്പെടുത്തിയതോടെ ടീമിലും ആരാധകരിലും ആത്മവിശ്വാസം ഇരട്ടിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലാലിയൻസുവാല ചാങ്‌തേയിലൂടെ മുംബൈ സിറ്റി ലീഡ് നേടി. ഗോൾ വഴങ്ങിയതോടെ കൂടുതൽ കരുത്തോടെ തിരിച്ചടിച്ച ബ്ലാസ്റ്റേഴ്‌സ് സമനിലയ്ക്കായി കിണഞ്ഞു പരിശ്രമിച്ചു. കൂടുതൽ വേഗതയ്ക്കും ക്രിയാത്മകതയ്ക്കുമായി എബിദാസ്, മാറ്റിയാസ്, അജ്സൽ എന്നിവരെ ഹെഡ് കോച്ച് ഡേവിഡ് കറ്റാല കളത്തിലിറക്കി.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈ ബോക്സിലേക്ക് ആക്രമണങ്ങൾ അഴിച്ചുവിട്ടു. ലോങ്ങ് ഷോട്ടുകളിലൂടെയും തുടർച്ചയായ ക്രോസുകളിലൂടെയും സമനില ഗോളിനായി ടീം പരമാവധി ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ ലക്ഷ്യം അകന്നുനിന്നു. തോൽവി വഴങ്ങിയെങ്കിലും അവസാന വിസിൽ വരെ ടീം പുറത്തെടുത്ത ആത്മവിശ്വാസവും പോരാട്ടവീര്യവും ശ്രദ്ധേയമായിരുന്നു.

ഈ മത്സരത്തിലെ പോസിറ്റീവ് വശങ്ങൾ ഉൾക്കൊണ്ട് വരാനിരിക്കുന്ന പോരാട്ടങ്ങളിൽ ശക്തമായി തിരിച്ചുവരാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 28ന് ഇന്റർ കാശിക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീം.

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...