ജി. സുധാകരനെ അവഗണിച്ചിട്ടില്ല, പാർട്ടിയിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവ്; മുഖ്യമന്ത്രി

തിരുവനന്തപുരം: ജി. സുധാകരനും ടി.കെ ഗോവിന്ദനും ഇത്രയും കാലം നടത്തിയ രാഷ്ട്രിയ ജീവിതം അവസാനം കലം ഉടയ്ക്കുന്ന നിലയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലും കാണിക്കാൻ പറ്റാത്ത വഞ്ചനയാണ് ഇരുവരുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും, എതിരാളികളുമായി ചേർന്നുകൊണ്ട് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന അവസ്ഥയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ജി. സുധാകരനെ അവഗണിച്ചെന്ന പ്രശ്നമേ ഉണ്ടായിട്ടില്ല. സുധാകരൻ പാർട്ടിയിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവാണ്. നല്ല പരിഗണനയാണ് എല്ലാ ഘട്ടത്തിലും അദ്ദേഹത്തിനു നൽകിയത്. ഒരു ഘട്ടത്തിലും അവഗണിക്കുന്ന നിലപാട് ഉണ്ടായിട്ടില്ല. അത് അദ്ദേഹത്തിനു തന്നെ ബോധ്യമുള്ള കാര്യമാണ്.

‘ഒരുപാട് കഴിവുള്ള പാർട്ടി പ്രവർത്തകർ പ്രായപരിധിയെ തുടർന്ന് മാറി നിൽക്കുന്നുണ്ട്. അത് ഏതെങ്കിലും ഒരാൾ മാത്രമല്ല. നിരവധി ആളുകൾ ഉണ്ട്. ആ കൂട്ടത്തിൽ ഒരാളായാണ് സുധാകരനും വന്നത്. ഇത് പാർട്ടി കോൺഗ്രസ് തീരുമാനമാണ്. പ്രായപരിധിയുമായി ബന്ധപ്പെട്ട് തീരുമാനം വരുമ്പോൾ അങ്ങനെയുള്ള ആളുകൾക്ക് തോന്നുന്ന ഫീലിങ്ങാണ് ‘തന്നെ അവഗണിച്ചു’ എന്നത്.

സ്ഥാനങ്ങളിലുണ്ടാകുന്ന മാറ്റം അവഗണനയല്ല. ഈ വന്ന മാറ്റത്തിന്റെയും സാഹചര്യത്തിന്റെയും പ്രത്യേകത ഉൾക്കൊള്ളാൻ കഴിയണം എന്നതാണ് പ്രധാന കാര്യം. അത് ഉൾക്കൊള്ളാൻ കഴിയാത്ത ആളാണ് സുധാകരൻ എന്നു പറയാനാകില്ല. പക്ഷെ അദ്ദേഹത്തിന് ഉൾക്കൊള്ളാൻ പറ്റിയില്ല. ഒരു അവഗണനയും ഉണ്ടായിട്ടില്ല. ആലപ്പുഴയിലെ പാർട്ടി കാര്യങ്ങളിലും അദ്ദേഹത്തെ വിളിച്ചിരുന്നു. എല്ലാ പരിപാടികളിലും അദ്ദേഹം ഉണ്ടായിരുന്നു. കൂടാതെ ജില്ല കമ്മിറ്റി ഓഫീസിൽ പ്രത്യേകമായൊരു മുറിയും അദ്ദേഹത്തിന് നൽകിയിരുന്നു. ഒരു അവഗണയുടെ പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാൽ പഴയതു പോലെ കാര്യങ്ങൾ നിർവഹിക്കാൻ പറ്റുന്നില്ല എന്ന മാനസികാവസ്ഥയിൽ നിന്ന് തന്നെ അവഗണിച്ചെന്ന തോന്നൽ അദ്ദേഹത്തിന് ഉണ്ടായി,’ മുഖ്യമന്ത്രി പറഞ്ഞു.

ജി. സുധാകരനോട് സംസാരിക്കാൻ ശ്രമിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ ഒരു നിലപാട് സുധാകരന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന സംശയം തനിക്ക് അദ്ദേഹത്തെ കുറിച്ചില്ല. മൂന്നു തവണ വിളിച്ചിരുന്നു. വിളിച്ചപ്പോൾ ഫോൺ എൻഗേജ്ഡ് ആയിരുന്നു. വീണ്ടും വിളിച്ചിട്ട് എടുത്തില്ല. മൂന്നാമതും വിളിച്ചു അപ്പോഴും എടുത്തില്ല. പിന്നീട് ജില്ലാ സെക്രട്ടറി സുധാകരന്റെ വീട്ടിലെത്തി ഫോണിൽ താനുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും വേണ്ടാ എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...