പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി .വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനെ തുടർന്ന് സ്റ്റേഷനു മുന്നിലെ റോഡരികില്‍ പാർക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി.
അസം സ്വദേശിയായ സിറാജുള്‍ ഇസ്ലീമി(24)നെയാണ് ചിങ്ങവനം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ചിങ്ങവനം സ്റ്റേഷനു മുന്നില്‍ എം.സി റോഡരികില്‍ അപകടത്തില്‍പ്പെട്ട നിരവധി വാഹനങ്ങള്‍ പാർക്ക് ചെയ്തിട്ടുണ്ട്. ഇതിനു സമീപത്തായി തന്നെയാണ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ തന്റെ വാഹനം പാർക്ക് ചെയ്തിരുന്നത്. അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന ലോറിയില്‍ നിന്നും സാധനങ്ങള്‍ എടുത്ത ശേഷമാണ് പ്രതി കാർ മോഷ്ടിക്കാനായി എത്തിയത്. തുടർന്ന്, കാറിന്റെ ഒരു വശത്തെ മൂന്ന് ചില്ലുകള്‍ തല്ലിത്തകർത്തു.
സംഭവം അറിഞ്ഞ ശേഷം പൊലീസ് സംഘം പ്രദേശത്തെ അൻപതോളം സിസിടിവി ക്യാമറ പരിശോധിച്ചാണ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നും നടന്ന് കാവാലം വരെ പോകുകയായിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് മണിക്കൂറുകള്‍ നീണ്ടഅന്വേഷണത്തിനൊടുവില്‍ ചിങ്ങവനം എസ്.എച്ച്.ഒ എസ്.പ്രദീസ്, എസ്.ഐമാരായ പ്രവീണ്‍, എസ്.കൃഷ്ണകുമാർ, സിവില്‍ പൊലീസ് ഓഫിസർമാരായ സുമേഷ് , സാല്‍ബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

