പര്യത്തുകാവ് ഭൂമി വിഷയത്തിൽ ഇരു വിഭാഗങ്ങളും സമ്മതപത്രത്തിൽ ഒപ്പുവെച്ചു.ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിന്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽഭൂമിയിൽ നിലവിൽ താമസിക്കുന്നവരും ഭൂവുടമകളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് സമ്മതപത്രം ഒപ്പുവച്ചത്.അഞ്ചു പതിറ്റാണ്ടായി നിലനിന്നിരുന്ന തർക്കത്തിനാണ് അഞ്ച് സിറ്റിംഗുകളിലായി നടത്തിയ ചർച്ചകളിലൂടെ പരിഹാരമായിരിക്കുന്നത്. മണിക്കൂറുകളോളം നീണ്ട ചർച്ചകളിൽ എല്ലാവരുടെയും ഭാഗം കേട്ട ശേഷമാണ് അന്തിമ തീരുമാനത്തിൽ എത്താൻ സാധിച്ചത്. ഇതിൽ സഹകരിച്ച എല്ലാവർക്കും സർക്കാരിന്റെ പേരിൽ നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.വിഷയത്തിൽ ഇരു കൂട്ടരുമായും നടത്തിയ വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ കൃത്യമായ നിബന്ധനകൾ അടങ്ങിയ കരാർ തയ്യാറാക്കി. ഇരു പാർട്ടികളും ഒപ്പിട്ട കരാർ രേഖകൾ അഡ്വക്കേറ്റ് ജനറൽ മുഖേന കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.കരാറിലെ വ്യവസ്ഥകൾ അനുസരിച്ച് തുടർന്നുള്ള നടപടികൾ സർക്കാർ ഒട്ടും വൈകാതെ തന്നെ നടപ്പിലാക്കു൦. ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച തന്നെ സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അഞ്ച് സെന്റ് വീതമുള്ള സ്ഥലവും വഴിയും അളന്നു തിരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. അതിർത്തി നിർണ്ണയവും സ്ഥലം അളന്നു തിട്ടപ്പെടുത്തലും പൂർത്തിയാകുന്ന മുറയ്ക്ക്, ഈ സ്ഥലത്ത് പുതിയ വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാന ഒത്തുതീർപ്പ് വ്യവസ്ഥകൾ
ഭൂമിയും വഴിയും വിട്ടുനൽകൽ: പര്യത്തുകാവ് നിവാസികളായ 7 കുടുംബങ്ങൾക്ക് നിലവിലുള്ള വസ്തുവിനോട് ചേർന്ന് 5 സെന്റ് വീതം വിട്ടുനൽകും. കൂടാതെ ഈ കുടുംബങ്ങൾക്ക് ഉപയോഗിക്കുന്നതിനായി 3 മീറ്റർ വീതിയുള്ള വഴി അനുവദിക്കുയും വഴി പഞ്ചായത്തിന് വിട്ടുനൽകുകയും ചെയ്യും. ഭൂവുടമകളുടെ വസ്തുവുമായി തിരിയുന്ന അതിരിൽ മതിൽ പണിതു നൽകും.
ഭവന നിർമ്മാണം: പര്യത്തുകാവ് നിവാസികൾക്ക് അതേ വസ്തുവിൽ തന്നെ 1000 സ്ക്വയർ ഫീറ്റിൽ കുറയാത്ത വീടുകൾ സ്പോൺസർഷിപ്പ് അടിസ്ഥാനത്തിൽ സർക്കാർ മേൽനോട്ടത്തിൽ പരമാവധി ഒരു വർഷത്തിനകം നിർമ്മിച്ച് നൽകും.
ആനുകൂല്യങ്ങൾ: പര്യത്തുകാവ് നിവാസികൾക്ക് പട്ടികജാതി വികസന വകുപ്പിൽ നിന്നും ലഭ്യമാക്കാവുന്ന മുഴുവൻ ആനുകൂല്യങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസർ മുഖേന അടിയന്തരമായി ലഭ്യമാക്കും.
താൽക്കാലിക താമസം: പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് വരെ ഈ കുടുംബങ്ങൾക്ക് നിലവിൽ താമസിച്ചു വരുന്ന വീടുകളിൽ തന്നെ തുടരാൻ അനുവാദമുണ്ടായിരിക്കും.
സ്ഥലം അളന്നു തിരിക്കൽ: താമസക്കാരായ 7 കുടുംബങ്ങൾക്കുള്ള 5 സെന്റ് വീതമുള്ള ഭൂമിയും വഴിയും ജൂൺ 30-നകം സർവ്വേ ഡെപ്യൂട്ടി ഡയറക്ടറുടെ മേൽനോട്ടത്തിൽ അളന്നു തിരിച്ചു നൽകുന്നതാണ്.
ഉദ്യോഗസ്ഥ മേൽനോട്ടം: സ്ഥലം വിട്ടൊഴിയുന്നത് മുതൽ വീട് നിർമ്മാണം പൂർത്തിയാകുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുടെയും മേൽനോട്ട ചുമതല മൂവാറ്റുപുഴ ആർ.ഡി.ഒ, പെരുമ്പാവൂർ ഡിവൈ.എസ്.പി എന്നിവർക്ക് നൽകിയിട്ടുണ്ട്. ഇവർ ആഴ്ചതോറും പുരോഗതി വിലയിരുത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം.
പോലീസ് കേസുകൾ പിൻവലിക്കും: ഭൂമി തർക്കവുമായി ബന്ധപ്പെട്ട് തടിയിട്ടപ്പറമ്പ് പോലീസ് സ്റ്റേഷനിലും മറ്റുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ക്രിമിനൽ കേസുകളും നിയമപ്രകാരം പിൻവലിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കും.
കോടതി വിധി സമാധാനപരമായി നടപ്പാക്കാനും പ്രദേശത്തെ ക്രമസമാധാന നില നിലനിർത്താനും ഇരുവിഭാഗങ്ങളും പൂർണ്ണ സമ്മതം രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ എസ്പി കെ. എസ് സുന്ദർശൻ, അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, മൂവാറ്റുപുഴ ആർ.ഡി.ഒ വി.ഇ അബാസ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ മുക്താർ,
വാഴക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ശാരദ, വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ്, കുന്നത്തുനാട് തഹസിൽദാർ എം.മായ, വാഴക്കുളം വില്ലേജ് ഓഫീസർ മുഹമ്മദ് സിദ്ദിഖ്, സമരസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

