സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടും നിലവിലുണ്ട്.അതിശക്തമായ മഴയെന്നത് 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.നിലവിലെ കാലാവസ്ഥാ സാഹചര്യം ശക്തമായ മഴയ്ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തൽ.തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്ഇ.തിനൊപ്പം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ഒഡീഷ–പശ്ചിമ ബംഗാൾ തീരപ്രദേശങ്ങൾക്കു സമീപവുമായി ഒരു ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനത്തിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടതെന്നും അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ജൂലൈ 2 മുതൽ 6 വരെ കേരളത്തിലും മാഹിയിലും നേരിയതോ ഇടത്തരം തോതിലോ മഴ തുടരുമെന്നാണ് പ്രവചനം.ജൂലൈ 3-ന് ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും ജൂലൈ 2 മുതൽ 6 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.ഇതിനൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

