മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേരും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ അധ്യക്ഷത വഹിക്കും. ഓഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ സമർപ്പിക്കേണ്ട 6 മെത്രാപ്പോലീത്താ സ്ഥാനാർഥികളെ നാമനിർദേശം ചെയ്യുന്നതിന് വേണ്ടിയാണ് സഭാ മാനേജിംഗ് കമ്മിറ്റി ചേരുന്നത്. അസോസിയേഷന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്ക്രീനിംഗ് കമ്മിറ്റി സമർപ്പിച്ച 8 പേരിൽ നിന്നാണ് 6 സ്ഥാനാർഥികളെ തിരഞ്ഞെടുക്കേണ്ടത്. ഇന്ത്യയിലെ ഭദ്രാസനങ്ങളിൽ നിന്നുള്ള മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ നേരിട്ടും വിദേശ രാജ്യങ്ങളിലുള്ളവർ ഓൺലൈനായും വോട്ട് രേഖപ്പെടുത്തും. രാവിലെ 8.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ വരണാധികാരിയായിരിക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു

