സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റഡാർ വിവരങ്ങൾ പ്രകാരം ആലപ്പുഴ, കോട്ടയം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. പ്രധാന റോഡുകളിൽ വെള്ളക്കെട്ടും കാഴ്ചമങ്ങലും കാരണം ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തടസ്സവും അപകടങ്ങളും ഉണ്ടാകാനും, മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലെ സുരക്ഷിതമല്ലാത്ത നിർമിതികൾക്കും വീടുകൾക്കും ഭാഗിക കേടുപാടുകൾ സംഭവിച്ചേക്കാം. ജനങ്ങളും കന്നുകാലികളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും മേഖലയിലെ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) അറിയിച്ചു.

