വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ തലയ്ക്ക് വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പരവൂർ കോട്ടപ്പുറം ഉഷസ്സിൽ വാടകയ്ക്ക് താമസിച്ചിരുന്ന ബാലചന്ദ്രൻ ഉണ്ണിത്താൻ (62) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ പരവൂർ കോട്ടപ്പുറം പുതിയിടത്ത് തെക്കേവീട്ടിൽ തൊടിയിൽ ഉല്ലാസ് മോഹൻ (സായിപ്പ്-40) നിലവിൽ റിമാൻഡിലാണ്.കഴിഞ്ഞ ജൂലൈ 6-നായിരുന്നു സംഭവം. പരവൂർ കോങ്ങാൽ തകലോട്ട് ബാലചന്ദ്രൻ ഉണ്ണിത്താൻ വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പുറത്തെ വീടിനു മുന്നിൽ ഓട്ടോ പാർക്ക് ചെയ്തത് ഉല്ലാസ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തർക്കത്തിനൊടുവിൽ ഉല്ലാസ് കയ്യിൽ കരുതിയിരുന്ന വലിയ കത്തി ഉപയോഗിച്ച് ബാലചന്ദ്രന്റെ തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമം തടസ്സപ്പെടുത്താനെത്തിയ ബാലചന്ദ്രന്റെ മകനും സുഹൃത്തിനും വെട്ടേറ്റിരുന്നു.

