ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ ഉള്‍ഭാഗം പൂർണ്ണമായി കത്തിനശിച്ചു.കാസർകോട് തൃക്കരിപ്പൂർ ബീരിച്ചേരി കൂലേരിയിലെ കെ.പി. നിസാറിന്റെ വീട്ടിലാണ് വൻ അപകടമുണ്ടായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ ഗ്യാസ് ലീക്കാവുകയും തുടർന്ന് തീ പടർന്നുപിടിച്ച് സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ഉള്‍വശം പൂർണ്ണമായും തകർന്നു. ഫർണിച്ചറുകളും ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ വീട്ടുപകരണങ്ങള്‍ കത്തിച്ചാമ്പലായി.അപകടസമയത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാല് പേർ വീട്ടിലുണ്ടായിരുന്നു. ഗ്യാസ് ലീക്കായി തീ ആളിപ്പടരുന്നത് കണ്ട ഉടൻ തന്നെ ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വൻ ദുരന്തവും വലിയ ആളപായവുമാണ് ഒഴിവായത്. വീട്ടുകാർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു സിലിണ്ടർ പൊട്ടിത്തെറിച്ചത്. വിവരമറിഞ്ഞ് തൃക്കരിപ്പൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാ വിഭാഗം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായി അണച്ചത്.

