നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ ചികിത്സയുടെ പേരിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്ഥീകരിക്കണമെന്ന് സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെന്റേറ്റീവ് ആന്റ് വർക്കേഴ്സ് അസ്സോസിയേഷൻ (SARWA) സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റി സർക്കാരിന് നൽകിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ആയുർവ്വേദ മേഖലയിൽ ഉപജീവനം നടത്തുന്ന തെറാപ്പിസ്റ്റുകളും, പാരമ്പര്യ ചികിത്സ നടത്തുന്നവരടക്കമുള്ളവരുടെ തൊഴിൽ വിശ്വസ്ഥത തകർക്കുന്നതാണ് ഇത്തരം അനാശാസ്യ നടപടികൾ.
ആയുർവ്വേദ ടൂറിസത്തിന്റെ മറവിൽ സ്പാകൾ കുമിഞ്ഞ് കൂടുകയാണ്. ഇതൊന്നും ആയുർവ്വേദ ചികിത്സാ കേന്ദ്രങ്ങളല്ല. ആയുർവേദത്തിന്റെ പേരിൽ അനാശാസ്യം നടത്താൻ ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്ഥീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.കേരളത്തിലെ സ്പാകളിൽ ഭൂരിപക്ഷവും പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ബിനാമികളുടെ ബിസിനസ്സ് റാക്കറ്റാണ്. ഇവർ ബിനാമി പേരിൽ അനാശാസ്യം നടത്തി പണം സമ്പാദിക്കുന്നതായി ഇതിന് മുമ്പും ധാരാളം പരാതികൾ ഉയർന്നിട്ടുണ്ട്. ഇത് ആയുർവ്വേദ ചികിത്സാ മേഖലയെ തകർക്കുന്നു.സ്പാകളിൽ ആയുർവ്വേദ ലൈസൻസിന് സർട്ടിഫിക്കറ്റ് നൽകുന്നവരെയും നിയമപരമായി ശിക്ഷിക്കണം. പരമ്പരാഗത ചികിത്സയിൽ ഉപജീവനം നടത്തുന്ന തൊഴിലാളികൾക്ക് അഭിമാനക്ഷതമേൽക്കുന്ന ഇന്നരം നടപടി അങ്ങേയറ്റം അപലപനീയമാണ്. മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കുന്ന തൊഴിലാളികളെ അവഹേളിക്കുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ സ്പാകളിലെ ആയുർവേദ ചികിത്സ സർക്കാർ ഒഴിവാക്കണമെന്ന് സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ മോഹൻദാസ് ആവശ്യപ്പെട്ടു.

