കോഴിക്കോട് പേരാമ്പ്ര ചാനിയം കടവ് റോഡിൽ വിവാഹാഘോഷത്തിനിടയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ട് വാഹനങ്ങൾ കോഴിക്കോട് ആർടിഒ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു. സൺ റൂഫിനു മുകളിൽ കൂടിയും ഡോർ തുറന്ന് പുറത്തേക്ക് നിർത്തിയും മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷാ ഭീഷണി സൃഷ്ടിച്ചാണ് ഇവർ വാഹനങ്ങൾ ഓടിച്ചത്. അനധികൃതമായ മോഡിഫിക്കേഷൻ, അപകടകരമായ ഡ്രൈവിംഗ് എന്നിവയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുകയും, വാഹനമോടിച്ച കുറ്റ്യാടി പെരുവയൽ സ്വദേശികളായ യുവാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി ആരംഭിക്കുകയും ചെയ്തു. കൂടാതെ, ഇരുവരെയും എടപ്പാളിലെ ഡ്രൈവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത ക്ലാസിൽ പങ്കെടുക്കാനും നടപടിയെടുത്തിട്ടുണ്ട്.

