കേരളത്തിന്റെ സാംസ്കാരിക തനിമയും ആഘോഷപ്പെരുമയും വിളിച്ചോതുന്ന ‘ഓണം ടൂറിസം വാരാഘോഷം ഈ മാസം 24 മുതൽ 30 വരെ തലസ്ഥാന നഗരിയിൽ വിപുലമായ രീതിയിൽ നടക്കും. ഓഗസ്റ്റ് 24-ന് വൈകിട്ട് 5.30-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പത്മഭൂഷൺ ശോഭനയുടെ പ്രശസ്തമായ നൃത്താവിഷ്കാരവും അരങ്ങേറും. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ആഘോഷങ്ങൾ ‘ഇനിയെന്നും പൂക്കാലം’ എന്ന പ്രമേയത്തിലാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികൾക്ക് പുറമെ, ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 35-ഓളം പ്രധാന വേദികളിൽ നാടൻ കലകൾ, സംഗീത നിശകൾ, കഥാപ്രസംഗം, നാടകങ്ങൾ, നൃത്തനൃത്യങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഒരു ആഴ്ച നീണ്ടുനിൽക്കുന്ന ഈ ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.
ഓഗസ്റ്റ് 24 (ഉദ്ഘാടന ദിവസം)
- നിശാഗന്ധി: വൈകിട്ട് 5.30-ന് സംസ്ഥാനതല ഉദ്ഘാടനം. തുടർന്ന് പത്മഭൂഷൺ ശോഭനയുടെ നൃത്താവിഷ്കാരം, മാതൃഭൂമി ‘ഓണം വൈബ് ON’, കെ.എസ്. ഹരിശങ്കർ ലൈവ് എന്നിവ നടക്കും.
- കനകക്കുന്ന് ഗേറ്റ്: വൈകിട്ട് 5.00 മുതൽ അനന്ദകൃഷ്ണൻ എസ്.ബി.-യുടെ തായംബക, പഞ്ചാരിമേളം, സത്യൻ ആശാൻ കലാസമിതിയുടെ ചെണ്ടമേളം എന്നിവ ഉണ്ടായിരിക്കും.
ഓഗസ്റ്റ് 25
- നിശാഗന്ധി: തോൽപ്പാവക്കൂത്ത് (മഹാബലിചരിതം – രാമചന്ദ്രപുലവർ), ടൈംസ് ഓഫ് ഇന്ത്യയുടെ മെലഡി മെഡോസ് 2026 (കെ.കെ. നിഷാദ്, ശ്രേയ ജയദീപ്, രാജേഷ് ചേർത്തല).
- തിരുവരങ്ങ്: നെല്ലിക്കാതുരുത്തി കഴകത്തിന്റെ പൂരക്കളി, നാടൻ കലാക്ഷേത്രം ഓതറയുടെ പടയണി എന്നിവ അരങ്ങേറും.
- സെൻട്രൽ സ്റ്റേഡിയം: ജനം ടിവിയുടെ ‘മ്യൂസിക് ഇന്ത്യ – അനൂപ് ശങ്കർ EXPERIENCE’
- കനകക്കുന്ന് അകത്തളം: ഉച്ചകഴിഞ്ഞ് 4.00 മുതൽ അക്ഷരശ്ലോക സദസ്സും, തുടർന്ന് കലാമണ്ഡലം സദനം കൃഷ്ണൻ കുട്ടി അവതരിപ്പിക്കുന്ന ‘നളചരിതം രണ്ടാം ദിവസം’ കഥകളിയും നടക്കും.
ഓഗസ്റ്റ് 26
- നിശാഗന്ധി: അർജ്ജുന നൃത്തം (കുറിച്ചി നടേശൻ), മീഡിയ വൺ അവതരിപ്പിക്കുന്ന സൂരജ് സന്തോഷ് ലൈവ് & നിത്യ മാമൻ നയിക്കുന്ന ‘പാട്ടോണം’.
- സെൻട്രൽ സ്റ്റേഡിയം: ജീവൻ ടിവിയുടെ ‘ഓണം വൈബ്സ് 2026’ (ഇഷാൻദേവ്, മുഹമ്മദ് ഷാൻ, ഷാൻ മുഹമ്മദ്, അഖില ആനന്ദ്, സെറീന അക്കാഡമിയുടെ ഡാൻസ്).
- കനകക്കുന്ന് അകത്തളം: കഥകളി അരങ്ങേറ്റത്തിന്റെ ഭാഗമായി കോട്ടയത്തു തമ്പുരാന്റെ ‘കല്യാണസൗഗന്ധികം’ അവതരിപ്പിക്കും
ഓഗസ്റ്റ് 27
- നിശാഗന്ധി: മുടിയേറ്റ് (ദാരികവധം – കീഴില്ലം ഉണ്ണികൃഷ്ണൻ), എ.സി.വി ചാനലിൻ്റെ ‘ഓണസ്മൃതി 2026’ (മധു ബാലകൃഷ്ണൻ, ശ്രീരാഗ്, ബൽറാം, കൃഷ്ണപ്രഭ, നന്ദ).
- സെൻട്രൽ സ്റ്റേഡിയം: മംഗളത്തിന്റെ ‘ശ്രാവണസന്ധ്യ – വിനീത് ശ്രീനിവാസൻ മെഗാ മ്യൂസിക് ലൈവ്’.
- കനകക്കുന്ന് അകത്തളം: നങ്ങ്യാർകൂത്ത്, കഥകളി നിഴൽക്കൂത്ത് (രചന: പന്നിശ്ശരി നാണുപ്പിള്ള) എന്നിവ അരങ്ങേറും.
ഓഗസ്റ്റ് 28
- നിശാഗന്ധി: പടയണി (കടമ്മനിട്ട ഗോത്രകലാകളരി), ന്യൂസ് മലയാളം 24^*7-ന്റെ ഓണം മലയാളം (സച്ചിൻ വാര്യർ, തേക്കിൻകാട് ബാന്റ്, ആട്ടം കലാസമിതി)
- സെൻട്രൽ സ്റ്റേഡിയം: കൈരളി ടിവിയുടെ ‘ചിങ്ങനിലാവ് മെഗാ ഇവന്റ്’ (മഞ്ജരി, മിഥുൻ ജയരാജ്, അവന്തിക പ്രമോദ്, മോക്ഷ, അവന്തിക മോഹൻ; കോമഡി – കിഷോർ & ടീം).
- കനകക്കുന്ന് അകത്തളം: കൂടിയാട്ടം (മാർഗ്ഗി അവതരിപ്പിക്കുന്ന ‘സുഭദ്ര ധനഞ്ജയം’), ഉണ്ണായിവാര്യരുടെ ‘നളചരിതം 3-ാം ദിവസം’ കഥകളി എന്നിവ നടക്കും.
ഓഗസ്റ്റ് 29
- നിശാഗന്ധി: സംസ്കാര സാഹിതിയുടെ ‘ഹാർമണി ഓഫ് കേരള’ ഫോക് ഫ്യൂഷൻ, മലയാള മനോരമയുടെ മ്യൂസിക്കൽ മെഗാഷോ.
- സെൻട്രൽ സ്റ്റേഡിയം: മാധ്യമത്തിന്റെ ‘ഓണം ആർപ്പോ – എ മ്യൂസിക്കൽ ഈവനിംഗ്’ (ലിബിൻ സക്കറിയ, ശ്വേതാ അശോക്, മിയകുട്ടി, ഡോ. അഖില എ.എസ്.).
- കനകക്കുന്ന് അകത്തളം: ചാക്യാർ കൂത്ത്, പാലക്കാട് അമൃത ശാസ്ത്രികളുടെ രചനയായ ‘ലവണാസുര വധം’ കഥകളി എന്നിവ ഉണ്ടായിരിക്കും.
ഓഗസ്റ്റ് 30 (സമാപന ദിവസം)
- നിശാഗന്ധി: പൂതനും തിറയും (ഉണ്ണികൃഷ്ണൻ), വീക്ഷണത്തിന്റെ ‘ഓണമാമാങ്കം’ – അഗം ബാന്റും ഹരീഷ് ശിവരാമകൃഷ്ണനും നയിക്കുന്ന സംഗീത നിശയോടെ വാരാഘോഷം സമാപിക്കും.
- സെൻട്രൽ സ്റ്റേഡിയം: കേരള കൗമുദിയുടെ ‘ഓണം EXTREME മ്യൂസിക് ഷോ’ (ഗായത്രി അശോകൻ, ബൽറാം & സംഗീത്).
- പോത്തൻകോട് ഗവ. യു.പി.എസ്: സമാപന ദിവസം ഉണ്ണായിവാര്യരുടെ ‘നളചരിതം 1-ാം ദിവസം’ കഥകളി അരങ്ങേറും.

