ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. വിജിലൻസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരിക്കുമെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തുവരും. സേവന നികുതി വെട്ടിപ്പിൽ നടക്കുന്ന എസ്.ഐ.ടി അന്വേഷണത്തിന് പുറമേയാണ് നിലവിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ അടയ്ക്കാത്തതിലാണ് അന്വേഷണം നടക്കുന്നത്.കേസ് അന്വേഷിക്കാൻ ജി.എസ്.ടി നിയോഗിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം കാഞ്ഞങ്ങാട് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. കാഞ്ഞങ്ങാട് ജി.എസ്.ടി ഓഫീസിലെ ഉദ്യോഗസ്ഥനാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസറുടെ മൊഴിയെടുത്തിട്ടുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടും തുടർ നടപടി എടുക്കാതിരുന്നതിൽ വിശദീകരണവും തേടി.വിശദവിവരങ്ങൾ ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന കള്ളക്കളികളുടെ കൂട്ടത്തിൽ നികുതി വെട്ടിപ്പും ഉണ്ടായോ എന്നതിലാണ് വിശദമായ അന്വേഷണം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് കിട്ടിയ പരാതികളിലാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണത്തിന് നിർദേശം നൽകിയത്. ഡെപ്യൂട്ടി കമ്മീഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ജി.എസ്.ടി ഇനത്തിലെ 22.68 കോടി അടച്ചില്ലെന്ന് 2025 ജൂണിലാണ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ജി.എസ്.ടി ഇന്റലിജൻസ് ഓഫീസ് അഞ്ച് തവണ നോട്ടീസ് നൽകിയെങ്കിലും കമ്പനി അവഗണിച്ചു. എന്നിട്ടും തുടർ നടപടി എടുത്തില്ല. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ വീണ്ടും സമൻസ് നൽകിയിരുന്നു. നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ ഇതിനിടെ സ്ഥലംമാറ്റുകയും ചെയ്തു.

