നിലയ്ക്കലിൽ സിനിമ ചിത്രീകരണത്തിനെത്തിയ സംഘത്തെ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു.വനംവകുപ്പിൽ ഔദ്യോഗികമായി പണം അടച്ച് അനുമതി നേടിയ ശേഷമെത്തിയ ‘ഹരിവരാസനം’ എന്ന സിനിമയുടെ ചിത്രീകരണ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞത് ചെറിയതോതിൽ ആശയക്കുഴപ്പത്തിനിടയാക്കി. റാന്നി ഡിഎഫ്ഒ ഓഫീസിൽ 50,000 രൂപയോളം അടച്ച് അനുമതി വാങ്ങിയിരുന്നതായി അണിയറപ്രവർത്തകർ വ്യക്തമാക്കിയെങ്കിലും, ദേവസ്വം അധികൃതർ തടഞ്ഞതിനെത്തുടർന്ന് നടന്മാരായ ഷൈജു കുറുപ്പ്, സമ്പത്ത്, യോഗി ബാബു എന്നിവരടങ്ങിയ സംഘം പ്രതിസന്ധിയിലായി. തുടർന്ന് പമ്പ പോലീസിന്റെ സാന്നിധ്യത്തിൽ ദേവസ്വം ബോർഡ് അധികൃതരുമായി നടത്തിയ ചർച്ചകൾക്കും അനുമതിപത്രങ്ങൾ പരിശോധിച്ചതിനും ഒടുവിലാണ് ചിത്രീകരണം തുടരാൻ സംഘത്തിന് അനുമതി ലഭിച്ചത്.

