ആലുവ മുനിസിപ്പൽ ബസ് സ്റ്റാന്റ് പ്രവേശന കവാടത്തിന് സമീപം പ്രവർത്തിക്കുന്ന ‘ദീൻ ഇൻ’ തുണിക്കടയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. ഇന്ന് രാവിലെ 6 മണിയോടെ കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെത്തുടർന്ന്, തൊട്ടടുത്ത അഗ്നിശമനസേന കേന്ദ്രത്തിൽ നിന്ന് രണ്ട് യൂണിറ്റുകളെത്തി തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരുന്നതിന് മുൻപ് അണച്ചു. രാവിലെയായതിനാൽ കടയിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എങ്കിലും, കടയിലുണ്ടായിരുന്ന വസ്ത്രങ്ങൾ, ലേഡീസ് ടൈലറിങ് മെറ്റീരിയലുകൾ, പെർഫ്യൂമുകൾ, ഇസ്ലാമിക് പ്രസിദ്ധീകരണങ്ങൾ എന്നിവ പൂർണ്ണമായി കത്തിനശിച്ചു. നാല് വർഷമായി ആലുവയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ കട ആലുവ സ്വദേശി റിയാസിന്റേതാണ്.

