ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ശരത്ത് (29) എന്നിവരെയാണ് ഒമാനിലെ റൂവി ഭാഗത്ത് വിവിധ ദിവസങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കല്ലായി സ്വദേശിയായ ജനീഷ് ബാബുവിനെ ആഗസ്റ്റ് 31-ന് ശേഷം കാണാതാവുകയും പിന്നീട് ഹംരിയയിലെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. താല്‍ക്കാലിക വീസയിലെത്തി ജോലിക്കായി ശ്രമിച്ചു വരികയായിരുന്നു അദ്ദേഹം. ശരത്തിന്റെ മരണാനന്തര നടപടികൾക്കായി സാമൂഹിക പ്രവർത്തകർ റോയൽ ഒമാൻ പോലീസുമായി ബന്ധപ്പെടുന്നതിനിടയാണ് ജനീഷ് ബാബുവിന്റെ മരണവിവരവും പുറത്തറിയുന്നത്.

