പീഡന/രാഷ്ട്രീയ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.കെ ഗോവിന്ദൻ എം.എൽ.എ.സിപിഎമ്മിന് തെറ്റ് തിരുത്താൻ ചരിത്രപരമായി സാധിച്ചിട്ടില്ലെന്നും പാർട്ടിയുടെ ‘തെറ്റ് തിരുത്തൽ’ പ്രക്രിയകൾ അധരവ്യയാമം മാത്രമായി ചുരുങ്ങിപ്പോകുന്നുവെന്നും അദ്ദേഹം വിമർശിച്ചു.പാർട്ടിയിലെ തിരഞ്ഞെടുപ്പ് തോൽവികളുടെയും മറ്റ് ആഭ്യന്തര പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ നിലവിലെ നേതൃത്വം മാറി ചിന്തിക്കണമെന്നും വിമർശനങ്ങൾ ഉൾക്കൊണ്ട് നേതൃത്വത്തെ മാറ്റാനുള്ള ആർജ്ജവം പാർട്ടി കാണിക്കണമെന്നും ടി.കെ ഗോവിന്ദൻ ആവശ്യപ്പെട്ടു.
ടി.കെ ഗോവിന്ദന്റെ നിലപാട് തള്ളി പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ
പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശ രാഷ്ട്രീയ പ്രേരിതമാണെന്ന ടി.കെ ഗോവിന്ദന്റെ നിലപാട് പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ തള്ളി. പിണറായിക്കെതിരായ ഈ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങൾ വന്നാൽ കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാകണമെന്നും ഇവിടെ അതിനു തയ്യാറായിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി. വിശദീകരണം നൽകാത്ത കാലം വരെ ഇതിൽ എന്തോ കഴമ്പുണ്ടെന്നായിരിക്കും പൊതുജനം കരുതുകയെന്നും അദ്ദേഹം പറഞ്ഞു.പിണറായിയുടെ കുടുംബത്തിനെതിരായ വിമർശനം പാർട്ടിക്കെതിരായ കടന്നാക്രമമായി കാണുന്നത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം, പ്രസ്ഥാനത്തിന് പങ്കുണ്ടെങ്കിൽ അന്വേഷണം പ്രസ്ഥാനത്തിനെതിരേയും വരുമെന്നും വ്യക്തമാക്കി. പ്രതിപക്ഷത്തുള്ള നേതാക്കന്മാർക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ഇഡിയുടെ പതിവ് രീതിയാണെങ്കിലും, അത് രാഷ്ട്രീയ പ്രേരിതമാണെന്ന് വിശ്വസിക്കാവുന്ന വിശദീകരണം പാർട്ടി നൽകേണ്ടതുണ്ട്. എൽ.ഡി.എഫിൽ വിഷയം ചർച്ച ചെയ്യേണ്ടതായിരുന്നെന്നും, മറ്റു കക്ഷികളെ ബോധ്യപ്പെടുത്താൻ മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎമ്മിന് ചുമതലയുണ്ടെന്നും വി. കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു. എന്നാൽ വിഷയം ഇതുവരെ മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും, ബോധ്യപ്പെടുത്താത്തതിനാൽ മുന്നണിയിലെ പാർട്ടികൾ സ്വതന്ത്രമായി അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം തിരുത്തലിന് സന്നദ്ധമാകുമോ എന്നത് സംശയമാണെന്നും, യഥാർത്ഥ തെറ്റിന് കാരണം കണ്ടെത്തിയാൽ മാത്രമേ തിരുത്താനാകൂ എന്നും, ഇതുവരെ തിരുത്താനുള്ള ശ്രമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.


