കന്നി മാസ പൂജയ്ക്കായി ശബരിമല നട സെപ്തംബർ 16 ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.കന്നി മാസം ഒന്നിന് ( സെപ്തംബർ 17) രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക. കന്നി 1 മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും.കന്നി മാസ പൂജകൾ പൂർത്തിയാക്കി സെപ്തംബർ 21 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.കന്നി മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം. ശബരിമല സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റ് വഴി റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്.

