എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് സഹകരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, അത്യാധുനിക വാഹനങ്ങളും പ്രതിരോധ ആയുധങ്ങളും ലഭ്യമാക്കുക, ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കുക എന്നിവയിലൂടെ വകുപ്പിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ഫീൽഡ് ഓഫീസുകൾക്കായി പുതുതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം, പേരൂർക്കട എസ് എ പി പരേഡ് ഗ്രൗണ്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
2026–27 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 327.2 ലക്ഷം രൂപ ചെലവഴിച്ചാണ് 41 ബൊലേറോ വാഹനങ്ങളും എക്‌സൈസ് കമ്മീഷണർക്കുള്ള ഔദ്യോഗിക വാഹനവും വാങ്ങിയത്. പുതിയ വാഹനങ്ങൾ വകുപ്പിന്റെ എൻഫോഴ്‌സ്മെന്റ് ഫീൽഡ് പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും കാര്യക്ഷമതയും പകരുമെന്ന് മന്ത്രി പറഞ്ഞു.ലഹരിക്കെതിരെയുള്ള ‘മയങ്ങില്ല കേരളം’ ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ വഴി സർക്കാർ അധികാരത്തിൽ വന്ന ശേഷം 43,000 കേസുകൾ രജിസ്റ്റർ ചെയ്തതായും പതിനായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായും മന്ത്രി പറഞ്ഞു. ലഹരിമുക്ത പദ്ധതികളുടെ ഭാഗമായി നിലവിലുള്ള 14 ജില്ലാതല ഡി അഡിക്ഷൻ സെന്ററുകൾക്ക് പുറമെ 78 താലൂക്കുകളിൽ കൂടി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ഡി അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്‌സൈസ് വകുപ്പ് ആവിഷ്കരിച്ച നൂതന ഡിജിറ്റൽ സംവിധാനമായ ‘പീപ്പിൾസ് ഐ’ മൊബൈൽ ആപ്പിൻ്റെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കാൻ ‘പീപ്പിൾസ് ഐ’ ആപ്പിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ആപ്പിലൂടെ അനധികൃത ലഹരിവസ്‌തുക്കളെ സംബന്ധിച്ച രഹസ്യവിവരങ്ങൾ, സുരക്ഷിതമായി പൊതുജനങ്ങൾക്ക് എക്സൈസ് വകുപ്പിനെ അറിയിക്കാനാകും. ഇതിലൂടെ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട എക്സൈസ് ഓഫീസുകളിലേക്ക് തത്സമയം കൈമാറുകയും, തുടർനടപടികൾ സ്റ്റേറ്റ് കൺട്രോൾ റൂമിലൂടെ 24 മണിക്കൂറും നിരീക്ഷിക്കുകയും ചെയ്യും.ചടങ്ങിൽ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു, സൗത്ത് സോൺ ജോയിൻ്റ് എക്‌സൈസ് കമ്മീഷണർ ആർ. ഗോപകുമാർ, എൻഫോഴ്‌സ്മെൻ്റ് അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ ജയശങ്കർ, കെ എസ് ഇ എസ് എ ജനറൽ സെക്രട്ടറി കെ.കെ. സുദർശനൻ പിള്ള എന്നിവർ പങ്കെടുത്തു.

