കോട്ടയം നഗരസഭയിലും സമീപ പ്രദേശങ്ങളിലും തെരുവുനായയുടെ ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു.നഗരത്തിലെ ചുങ്കം, വാരിശേരി, കൂടയമ്പടി, കുടമാളൂർ, പാണ്ടവം തുടങ്ങിയ വിവിധ മേഖലകളിലാണ് ആളുകൾക്ക് കടിയേറ്റത്.ഇന്നലെ വൈകിട്ട് ആറുമണിയോടെ കുടമാളൂർ അമ്പാടിക്കവല മുതൽ കോട്ടയം മെഡിക്കൽ കോളേജ് ബൈപാസ് വരെയായിരുന്നു ആദ്യ ആക്രമണം.പിന്നീട് നായ ചുങ്കം ഭാഗത്തേക്ക് പോയതായും കടിയേറ്റവർ പറഞ്ഞു. രാത്രി എട്ടുമണിയോടെ വാരിശേരി – ചുങ്കം ഭാഗങ്ങളിലെ റോഡിൽ ഉണ്ടായിരുന്നവർക്കും കടിയേറ്റു. ആക്രമണത്തിൽ പരിക്കേറ്റ ശ്രീകാന്ത് (38), കെ.പി ഉണ്ണി (28), ഓട്ടോ ഡ്രൈവർ മധു (57), വിജയൻ (70), സിദ്ധാർഥ് (24), ജയപാലൻ (72), കോമളകുമാരി (68), ശിവറാം എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ മണർകാട് സ്വദേശി റൂഫസ് ജോൺ, കെ.വി ജേക്കബ്, അലൻ ജോസ് എന്നിവർ ജനറൽ ആശുപത്രിയിലും ചികിത്സ തേടി. ആക്രമണം നടത്തിയ തെരുവുനായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

