അത്ലറ്റിക്സില്‍ 56 ഇനങ്ങള്‍ പൂർത്തിയാകുമ്പോള്‍ മലപ്പുറം ജില്ല 114 പോയിന്റോടെ മുന്നേറുന്നു. തൊട്ടുപിന്നില്‍ 100.5 പോയിന്റോടെ പാലക്കാട് ജില്ല. 68 പോയിന്റോടെ ആലപ്പുഴയും 59 പോയിന്റുമായി തിരുവനന്തപുരവും തൊട്ടുപിന്നാലെയുണ്ട്. ഗെയിംസും അക്വാട്ടിക്സും ചേർത്ത് ഓവറോള്‍ ചാമ്പ്യൻപട്ടത്തിലേക്കു ലക്ഷ്യമിടുന്നത് തിരുവനന്തപുരം ജില്ല, 1945 പോയിന്റ്. തൃശൂരും കണ്ണൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. തൃശൂരിന് 913ഉം കണ്ണൂരിന് 828ഉം പോയിന്റ്.
സ്കൂളുകളില്‍ ഐഡിയല്‍ ഇഎച്ച്‌എസ്‌എസ് കടകശേരി തന്നെ മുന്നില്‍, 35 പോയിന്റ്. 21 വീതം പോയിന്റോടെ വിഎംഎച്ച്‌എസ് വടവന്നൂരും കെഎച്ച്‌എംഎച്ച്‌എസ് ആലത്തിയൂരും പോരാട്ടത്തിന് വീറു കൂട്ടുന്നു. സെന്റ് ജോസഫ്സ് ജിഎച്ച്‌എസ്‌എസ് ആലപ്പുഴ, എച്ച്‌എസ് മുണ്ടൂർ, സെന്റ് ജോർജ് എച്ച്‌എസ്‌എസ് കുളത്തുവയല്‍, ജിഎച്ച്‌എസ്‌എസ് കുട്ടമത്ത്, ഗവ. ഡിവിഎച്ച്‌എസ്‌എസ് ചാരമംഗലം, മാർ ബേസില്‍ എച്ച്‌എസ്‌എസ് കോതമംഗലം, ഗവ. ഫിഷറീസ് എച്ച്‌എസ്‌എസ് നാട്ടിക എന്നിവയാണ് തുടർന്നു പത്തുവരെ സ്ഥാനങ്ങളില്‍.ജൂനിയർ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ ശ്രീഹരി കരിക്കൻ, ജൂനിയർ ആണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ വിഷ്ണു യാദവ്, സീനിയർ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ടി.എം. അതുല്‍, സീനിയർ പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡില്‍സില്‍ അനാമിക അജേഷ് എന്നിവരാണ് ഇതുവരെ പുതിയ വേഗവും ദൂരവും തേടിപ്പിടിച്ചത്. ട്രാക്കില്‍ സീനിയർ വിഭാഗം 5000, 3000 മീറ്റർ നടത്തവും ജൂനിയർ, സീനിയർ 800 മീറ്റർ, സീനിയർ, ജൂനിയർ 400 മീറ്റർ ഹർഡില്‍സ്, ജൂനിയർ, സീനിയർ 4×400 മീറ്റർ റിലേ എന്നിവയാണ് ഇന്നത്തെ ഹൈലൈറ്റ്.

