സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന് രാവിലെ 5 മണി മുതൽ 8 മണി വരെയാണ് സംസ്ഥാനത്തൊട്ടാകെ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.ഈ പരിശോധനയിൽ ആകെ 4504 സ്കൂൾ ബസുകളാണ് പരിശോധിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ എടുത്തത്; ഈ രണ്ട് ജില്ലകളിലും അഞ്ച് വീതം കേസുകളാണ് രജിസ്റ്റർ ചെയ്തത്. കോട്ടയത്ത് 3 കേസുകളും കണ്ണൂരിൽ 2 കേസുകളും കണ്ടെത്തിയപ്പോൾ, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാകുന്നുവെന്നും, വാഹന പരിശോധന തുടർ ദിവസങ്ങളിലും ഉണ്ടാകുമെന്നും ക്രമസമാധാന പാലന വിഭാഗം എഡിജിപി പി. വിജയൻ അറിയിച്ചു.

