കൊല്ലം കുളത്തുപ്പുഴ അഞ്ചൽ റേഞ്ചിലെ കളങ്കുന്ന് വനമേഖല അതിർത്തിപ്രദേശമായ ഐ.എസ്.എൻ. നഗർ മരുതുമൂട് ചതുപ്പിൽ രജനിവിലാസത്തിൽ ആർ. കനകം (66) എന്ന രോഗിയായ വയോധികയെയാണ് വീട്ടിൽ അവശയായി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ സഹായം അഭ്യർത്ഥിക്കാൻ കഴിയാതെയും ഭക്ഷണം കിട്ടാതെയും മരിച്ചുകിടന്ന മൃതദേഹത്തിന് ഏകദേശം 10 ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് ജിർണിച്ച അവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത്.വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ജോൺ ജോസഫും ഏകമകൾ രജനിയും മരിച്ചിരുന്നു. കനകത്തിന്റെ മകൾ വഴി രണ്ട് പെൺകുട്ടികളായ കൊച്ചുമക്കളുണ്ടെങ്കിലും, അവർ പിതാവ് ജയനൊപ്പം മൈലമൂട്ടിലെ വീട്ടിലാണ് താമസം. കനകം രോഗിയായതിനാൽ തൊഴിലുറപ്പ് ജോലിക്ക് പോകാറില്ലായിരുന്നു. കനകത്തിന്റെ പേരിലുള്ള റേഷൻ കാർഡ് നിലവിൽ റദ്ദായിട്ടുണ്ടെന്നും രേഖകളിൽ കാണുന്നു. രോഗാവസ്ഥ രൂക്ഷമായതോടെ ഗ്രാമപഞ്ചായത്ത് അധികൃതർ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നുവെങ്കിലും, ചികിത്സ കഴിഞ്ഞ് മൈലമൂട്ടിലെ കൊച്ചുമക്കളുടെ വീട്ടിലെത്തിയ ശേഷം കനകം മരുതുമൂട് ചതുപ്പിലെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.രണ്ടു മാസമായി മരുതുമൂട് ചതുപ്പിലെ വീട്ടിലാണ് കനകം താമസിക്കുന്നതെങ്കിലും, വീട്ടിൽ വൈദ്യുതി ഇല്ലാതിരുന്നതിനാലും വീട്ടിൽ ആളുണ്ടെന്ന് അറിയാൻ കഴിയാത്തതിനാലും ഈ വിവരം സമീപവാസികൾ പോലും അറിഞ്ഞിരുന്നില്ല. വീട്ടിൽ അവശയായി കിടപ്പിലായതോടെ വെള്ളമോ ഭക്ഷണമോ ലഭിക്കാതെയാണ് മരണമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോലീസ് സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തി, മൃതദേഹം ഇടമൺ ശാന്തിതീരത്തിൽ സംസ്കരിച്ചു.

