ബെംഗളൂരു ദൊഡ്ഡതൊഗുരുവിൽ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർത്ത യുവതിയും കാമുകനും പിടിയിലായി. നാൽപ്പത്തിയൊന്നുകാരനായ ഉപേന്ദ്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉപേന്ദ്രയുടെ ഭാര്യ അനിത (36), കാമുകൻ തലസാനി മധുസൂദൻ റെഡ്ഡി (48) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപേന്ദ്രയും അനിതയും ഒന്നിച്ചു ജോലി ചെയ്തിരുന്നവരാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.ഒക്ടോബർ 12നാണ് കൊല്ലപ്പെട്ട ഉപേന്ദ്രയുടെ സഹോദരൻ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അസാധാരണ മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ സംശയം തോന്നി സമഗ്രമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. നവംബർ 5ന് ഇതുമായി ബന്ധപ്പെട്ട് മധുസൂദൻ റെഡ്ഡിയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.ചോദ്യം ചെയ്യലിൽ ഉപേന്ദ്രയുടെ ഭാര്യ അനിതയും താനും തമ്മിൽ അടുപ്പത്തിലാണെന്ന് റെഡ്ഡി സമ്മതിച്ചു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഉപേന്ദ്ര ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി ഉപേന്ദ്രയെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഒക്ടോബർ 12ന് പുലർച്ചെ പ്രതികൾ ഉപേന്ദ്രയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകം മറച്ചുവെക്കാനായി ഉപേന്ദ്ര ശുചിമുറിയിൽ തെഴ്ന്നുവീണ് ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് ഇവർ വരുത്തിത്തീർക്കുകയായിരുന്നു. മധുസൂദൻ റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദൊഡ്ഡതൊഗുരുവിലെ വീട്ടിൽനിന്ന് അനിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇരുവരും കുറ്റം സമ്മതിച്ചു.

