ചൊക്ലിയിലെ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കാണാതായിട്ട് 100 ദിവസം പിന്നിടുമ്പോഴും അന്വേഷണത്തിൽ നിർണായക പുരോഗതിയില്ല. കേരളത്തിനകത്തും പുറത്തുമായി സാധ്യതയുള്ള വിവിധ സ്ഥലങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും പതിനേഴുകാരനെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ലോക്കൽ പൊലീസും പ്രത്യേക അന്വേഷണ സംഘവും പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിട്ടും ശിവസൂര്യ എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ലാത്തത് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആശങ്ക വർധിപ്പിക്കുകയാണ്.പാനൂർ കരിയാട് പുളിയനമ്പ്രം ശിവപ്രിയത്തിൽ ജിഗീഷിന്റെ മകൻ ശിവസൂര്യയെ ഓഗസ്റ്റ് എട്ടിനാണ് കാണാതായത്. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ശിവസൂര്യ. മൊബൈൽ ഫോണിലെ ഗെയിമുമായി ബന്ധപ്പെട്ട് വീട്ടിലുണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെയാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്നാണ് പുറത്തുവന്ന വിവരം. കാശിയിലേക്ക് പോകുകയാണെന്നും ദൈവത്തിൽ അലിഞ്ഞുചേരുമെന്നും വ്യക്തമാക്കുന്ന കുറിപ്പും വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നു.കുറിപ്പിന്റെ അടിസ്ഥാനത്തിൽ വാരണാസി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമേ കർണാടകയിലും തമിഴ്നാട്ടിലും ഉത്തർപ്രദേശിലും തിരച്ചിൽ നടത്തി. വാരണാസിയിൽ നൂറിലേറെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ശിവസൂര്യയെ കണ്ടെത്താനായില്ല. കുട്ടി സഞ്ചരിച്ച വഴിയോ യാത്രാമാർഗമോ സ്ഥിരീകരിക്കാൻ കഴിയാത്തതും അന്വേഷണത്തിന് വെല്ലുവിളിയായി.
ആദ്യം ചൊക്ലി പൊലീസും പിന്നീട് തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവുമാണ് കേസ് അന്വേഷിച്ചത്. എന്നാൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് കുടുംബത്തിന്റെയും ആക്ഷൻ കമ്മിറ്റിയുടെയും ആവശ്യപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് കണ്ണൂർ യൂണിറ്റ് ഡിവൈഎസ്പി കെ. സനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.ശിവസൂര്യയെ കണ്ടെത്തുന്നതിനായി ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അന്വേഷണ സംഘം അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ നൂറ് ദിവസം പിന്നിടുമ്പോഴും അന്വേഷണത്തിൽ വഴിത്തിരിവുണ്ടാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.അതേസമയം, അന്വേഷണത്തിലെ വീഴ്ചകൾ ആരോപിച്ച് നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും പ്രതിഷേധം ശക്തമാക്കുകയാണ്. ശിവസൂര്യയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് ചൊക്ലിയിൽ ബഹുജന വിദ്യാർഥി മാർച്ചും ധർണയും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിലെ അപാകതകൾ പരിശോധിക്കണമെന്നും അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.മകന്റെ മടങ്ങിവരവ് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന കുടുംബത്തിന് ഓരോ ദിവസവും ആശങ്ക വർധിക്കുകയാണ്. നൂറ് ദിവസം പിന്നിട്ടിട്ടും ശിവസൂര്യയ്ക്ക് എന്തുസംഭവിച്ചുവെന്ന ദുരൂഹത നീക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.

