മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവ്വീസ് വഴി കെ എസ് ആർ ടി സിക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതൽ പമ്പ – നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവ്വീസുകളും 34,000 ദീർഘദൂര സർവ്വീസുകളും നടത്തി.
ആകെ 64. 25 ലക്ഷം ആളുകളാണ് കെ എസ് ആർ ടി സി വഴി യാത്ര ചെയ്തത്. ജനുവരി 15 ന് മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതൽ ജനുവരി 16 ന് പുലർച്ചെ 3.30 മണി വരെ ഇടമുറിയാതെ പമ്പ – നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവ്വീസുകൾ നടത്തിയിരുന്നു. ഒപ്പം ചെങ്ങന്നൂർ, കോട്ടയം, കുമിളി, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവ്വീസുകളും നടത്തി.
ശബരിമല നട അടയ്ക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിൻ സർവീസുകളും, ജനുവരി 21 ന് പുലർച്ചെ 4 മണി വരെ ദീർഘദൂര സർവ്വീസുകളും ഉണ്ടായിരിക്കുമെന്ന് കെ എസ് ആർ ടി സി പമ്പ സ്പെഷ്യൽ ഓഫീസർ അറിയിച്ചു.