പൊങ്ങച്ച-ജാഡ-വാചകമടി

ഡോ.ടൈറ്റസ് പി. വർഗീസ്

ഇതൊരു ദാമ്പത്യപ്രശ്നമോ ലൈംഗികപ്രശ്നമോ അല്ല;

പക്ഷേ അതിലേറെ ഗുരുതരമായ ഒരു പെരുമാറ്റപ്രശ്നമാണ്.

ഒരു ചെറുപ്പക്കാരി സൃഷ്ടിച്ച കബളിപ്പിക്കല്‍ നാടകത്തില്‍നിന്നും എന്‍റെ ഭാര്യ കഷ്ടിച്ച് രക്ഷപ്പെട്ടതാണ് ഈ കത്തെഴുതാന്‍ കാരണം.

ഇതു വായിക്കുന്ന കുറച്ചുപേര്‍ക്കെങ്കിലും ഇതൊരു മുന്നറിയിപ്പാകട്ടെ എന്നു കരുതി എഴുതുകയാണ്.

ഒരു യാത്രയ്ക്കിടയിലാണ് ട്രെയിനില്‍വച്ച് എന്‍റെ ഭാര്യ ആ ചെറുപ്പക്കാരിയെ പരിചയപ്പെടുന്നത്.

വളരെയേറെ തമാശപറഞ്ഞ് സംസാരിച്ചു പിരിഞ്ഞ അവിവാഹിതയായ അവള്‍ പിന്നീട് നേരിട്ട് ഞങ്ങളുടെ വീട്ടില്‍ വന്നപ്പോഴൊക്കെ സ്വന്തം കുടുംബത്തെപ്പറ്റിയും അതിന്‍റെ പാരമ്പര്യത്തെക്കുറിച്ചുമൊക്കെ വല്ലാതെ വാചാലയായി.

മാത്രമല്ല, കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്റ്റേറ്റ് കമ്മിറ്റി മെമ്പറാണ് അച്ഛനെന്നും സഹോദരങ്ങള്‍ ഉന്നത നിലയിലാണെന്നുമൊക്കെയാണ് ഞങ്ങളോടു പറഞ്ഞത്.

എന്‍ജിനീയറായ എന്‍റെ ഭാര്യ ഇത് വിശ്വസിക്കുകയും പല കൂട്ടുകാരികള്‍ക്കും ഈ ചെറുപ്പക്കാരിയെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

പ്രൊഫഷനലുകളായ അവരോട് അത്തരം പല കാര്യങ്ങള്‍ ചെയ്തുതരാമെന്നു പറഞ്ഞ് വളരെവേഗം ഇവര്‍ അടുക്കുകയും ചെയ്തു.

ചെറുതും വലുതുമായ തുകകള്‍ എന്‍റെ ഭാര്യയുടെ പേരുപയോഗിച്ച് അവള്‍ കൈക്കലാക്കാന്‍ തുടങ്ങിയതോടെയാണ് ഞങ്ങള്‍ക്ക് സംശയമുദിച്ചത്.

എം.ബി.എ.ക്കാരിയെന്ന് വീമ്പിളക്കിയ അവള്‍ വെറും ഐ. റ്റി. ഐ. യോഗ്യത മാത്രമുള്ളയാളാണെന്നും പാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റി അംഗമെന്ന് അവകാശപ്പെട്ട അച്ഛന്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഒരു പാവം മനുഷ്യന്‍ മാത്രമാണെന്നും ഞങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ ശരിക്കും ഞെട്ടി!

ഇതിനിടയില്‍ നുണപറഞ്ഞ് നല്ലൊരു തുകയും ഇവള്‍ കടമെന്ന വ്യാജേന വാങ്ങിയിരുന്നു.

പിന്നീട് പലതവണ വിളിച്ചിട്ടും ഫോണെടുക്കാതായപ്പോള്‍ അപ്രതീക്ഷിതമായി ഞങ്ങള്‍ അവളുടെ വീട്ടിലേക്കു കയറിച്ചെന്നു.

വീട് തപ്പിക്കണ്ടുപിടിക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടിവന്നു.

അവള്‍ പറഞ്ഞ പ്രദേശത്തൊന്നുമായിരുന്നില്ല യഥാര്‍ത്ഥത്തില്‍ വീട്.

ഞങ്ങളോട് ആയിരത്തി ഇരുനൂറു കൊല്ലത്തെ പഴക്കമുണ്ടെന്ന് ആ ചെറുപ്പക്കാരി അവകാശപ്പെട്ട ‘മാളികവീട്’ കഷ്ടിച്ച് അന്‍പതുകൊല്ലം മാത്രം പഴക്കമുള്ള ചെറിയൊരു ഇരുമുറിക്കെട്ടിടം മാത്രമാണെന്നു കണ്ടപ്പോള്‍ ഞെട്ടാതിരിക്കാന്‍ കഴിഞ്ഞില്ല.

പറഞ്ഞ പെരുംനുണകളെല്ലാം ഞങ്ങള്‍ പൊളിച്ചടുക്കിയപ്പോള്‍ ആകെ ചമ്മിപ്പോയിരുന്നു അവള്‍.

എങ്ങനെയും കൊടുത്ത തുക തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഞങ്ങള്‍.

എന്തായാലും ഇത്തരം ‘പെട്ടെന്നുള്ള സൗഹൃദങ്ങള്‍’ ഇതു വായിക്കുന്ന മാന്യവായനക്കാര്‍ക്ക് ഒരു പാഠമാകട്ടെ എന്നാശംസിച്ചുകൊണ്ട് കത്തു ചുരുക്കുന്നു.
അനില്‍, കോട്ടയം

മറുപടി
ഇല്ലാത്തത് ഉണ്ടെന്നു ഭാവിച്ച് പൊങ്ങച്ചവും ജാഡയും കാട്ടി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് താല്ക്കാലികനേട്ടങ്ങള്‍ കൈവരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്ന് ഏറിവരികയാണ്.

ഇതില്‍ ആണ്‍പെണ്‍ വ്യത്യാസമില്ല. ഇവരില്‍ മിക്കവരും വൃത്തിയായി വസ്ത്രധാരണം ചെയ്ത് മുന്തിയ ബൈക്കുകളിലും കാറുകളിലും മറ്റും സഞ്ചരിച്ച് ജാഡകാട്ടി സമൂഹത്തിന്‍റെ വ്യത്യസ്തതലങ്ങളിലുള്ളവരുമായി സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നവരാണ്.

അവര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വേഗം നേടിയെടുക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം.

പ്രശസ്തരായ പലരും ബന്ധുക്കളാണെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടര്‍ പലരും മധുരമായി ഇംഗ്ലീഷ് സംസാരിക്കുന്നതുകൊണ്ടുതന്നെ ഇവരുടെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ച് നമുക്ക് ആദ്യം സംശയം തോന്നില്ല.

പക്ഷേ, പലപ്പോഴായി ഇവരുടെ വായില്‍നിന്ന് അറിഞ്ഞോ അറിയാതെയോ വീണുപോകുന്ന വാക്കുകള്‍ കൂട്ടിവായിക്കുമ്പോള്‍ ഇത്തരം ചെറുപ്പക്കാര്‍ പഠിച്ച കള്ളന്മാരാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
നൂറുകണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള അറിയപ്പെടുന്ന തറവാടുകളുമായി ചേര്‍ത്താണ് ഇവരില്‍ പലരും തങ്ങളുടെ വീട്ടുപേരുകള്‍ പറയാറുള്ളത്.

ഇക്കൂട്ടര്‍ ക്രിസ്ത്യാനികളെയാണ് തങ്ങളുടെ ‘ഇരകളാക്കാന്‍’ ലക്ഷ്യമിടുന്നതെങ്കില്‍, രണ്ടായിരം വര്‍ഷം മുമ്പ് തോമാശ്ലീഹാ കേരളത്തില്‍ വന്ന് മതംമാറ്റിയ നമ്പൂതിരികളായ പകലോമറ്റം കുടുംബവുമായി ബന്ധപ്പെട്ടാണ് തങ്ങളുടെ പാരമ്പര്യമെന്നുവരെ ഇവര്‍ കാച്ചിക്കളയും!

പക്ഷേ ഇവര്‍ ഒരിക്കലും അവരുടെ സത്യസന്ധമായ മേല്‍വിലാസമോ ലാന്‍ഡ് ഫോണ്‍ നമ്പറോ ഇത്തരം താല്ക്കാലികസുഹൃത്തുക്കള്‍ക്ക് കൊടുക്കില്ല.

ചോദിച്ചാല്‍ അതിന് അവരുടേതായ ന്യായങ്ങളും പറയാനുണ്ടാവും.

സ്വന്തം നാട്ടില്‍ ഇക്കൂട്ടര്‍ക്ക് അവരുടെ അതേ സാമ്പത്തിക സാമൂഹിക നിലവാരമുള്ളവരുമായി അധികം സമ്പര്‍ക്കം ഉണ്ടാവാറില്ല.

ഈ ചെറുപ്പക്കാരുടെ മാതാപിതാക്കളെക്കുറിച്ചും അടിസ്ഥാനവിവരങ്ങളെപ്പറ്റിയും നല്ല ധാരണയുള്ള സ്വന്തം നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനും ഒരിക്കലും സാധ്യമല്ലല്ലോ.

ഇവരുടെ സൗഹൃദബന്ധങ്ങള്‍ കൂടുതലും അകലെയുള്ളവരുമായിട്ടായിരിക്കും.

അറിയപ്പെടുന്ന പലരും തങ്ങളുടെ വീട്ടില്‍ സ്ഥിരമായി വന്നുപോകാറുണ്ടെന്ന് യാതൊരു ഉളുപ്പുമില്ലാതെ തട്ടിവിടുന്ന ഇവര്‍ ഒരിക്കലും നമ്മള്‍ അങ്ങോട്ട് ആവശ്യപ്പെട്ടാല്‍പ്പോലും നമ്മളെ വീട്ടിലേക്ക് ക്ഷണിക്കാറില്ല.

നുണകളില്‍ മാത്രം കെട്ടിപ്പൊക്കിയ ഇവരുടെ പൊള്ളത്തരങ്ങളുടെ ഇമേജ് തകര്‍ന്നുവീഴും എന്നതുതന്നെയാണിതിനു കാരണം.

ഇത്തരം ചെറുപ്പക്കാരില്‍ ഏറെയും മദ്ധ്യതിരുവിതാംകൂറിലാണെന്നതാണ് ഏറെ ശ്രദ്ധേയം.

സാമ്പത്തികമായി രക്ഷപ്പെട്ട മറ്റുള്ളവര്‍ക്കിടയില്‍ ഇനിയും ഉയരാനാവാതെപോയ ചെറിയൊരു വിഭാഗത്തിലെ അസംതൃപ്തരായ യുവതീയുവാക്കളാണ് ഇവരില്‍ കൂടുതലും.

അടിസ്ഥാനമില്ലാത്ത അപകര്‍ഷതാബോധമാണ് ഈ ചെറുപ്പക്കാരുടെ കാതലായ പ്രശ്നം. ‘പത്രാസും ഗ്ലാമറും’ ഇല്ലാതെ ദിവസക്കൂലിക്ക് പണിയെടുക്കുന്ന സ്നേഹസമ്പന്നരായ മാതാപിതാക്കളെ സ്വന്തം കൂട്ടുകാര്‍ക്കുപോലും ഇവര്‍ പരിചയപ്പെടുത്താറില്ല.

പിന്നെ, നുണകളിലൂടെ തെറ്റിദ്ധരിപ്പിച്ച് പണം കൈക്കലാക്കുക എന്നത് ഇവരുടെ പ്രധാന ലക്ഷ്യമാണ്.

പൊതുജനത്തിന് പല കാര്യങ്ങളിലുമുള്ള സാങ്കേതികപരിജ്ഞാനമില്ലായ്മ ഈ വിഷയത്തില്‍ ഇവര്‍ നന്നായി മുതലെടുക്കാറുണ്ട്.

ഒരിക്കലും പിടിക്കപ്പെടാതിരിക്കത്തക്കവിധത്തില്‍ വിനയപൂര്‍വ്വം മാത്രം ഇടപെടുന്ന ഇവര്‍മൂലം ചതിക്കപ്പെടുന്നവര്‍ നിരവധിയാണ്.

ഇവരെ നമുക്ക് ഒരുതരത്തിലും പെട്ടെന്നു കണ്ടുപിടിക്കാനായെന്നുവരില്ല. എങ്കിലും ചില മുന്‍കരുതലുകളിലൂടെ നമുക്ക് ഒഴിവാക്കാനാവും.

സൗഹൃദഭാവേന അമിതവാചകമടിയുമായി അടുത്തുകൂടുന്നവര്‍ നല്‍കുന്ന വിവരങ്ങള്‍ യാഥാര്‍ത്ഥ്യമാണോ എന്ന് ആദ്യമേ തിട്ടപ്പെടുത്തണം.

ഇക്കൂട്ടര്‍ എന്തു വിചാരിക്കുമെന്നോര്‍ത്ത് അതിന് മടി കാണിക്കേണ്ടതില്ല.

ലാന്‍ഡ്ഫോണ്‍ നമ്പര്‍ ചോദിച്ചുമനസ്സിലാക്കുക, അവര്‍ ബന്ധമുണ്ടെന്നു പറഞ്ഞ ആള്‍ക്കാരുമായി യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അടുപ്പമുണ്ടോയെന്ന് അന്വേഷിക്കുക, അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ കുറിച്ചിടുക എന്നത് ഇവരെ പിന്നീട് പിന്തുടരാനും അങ്ങനെ അബദ്ധങ്ങള്‍ ഒഴിവാക്കാനും നമ്മളെ സഹായിക്കും.

മനശ്ശാസ്ത്രപരമായി ശൈശവം മുതല്‍ നിരവധി നഷ്ടബോധസംഭവങ്ങള്‍ ജീവിതത്തില്‍ വേദനാപൂര്‍വ്വം സഹിക്കേണ്ടിവന്നിട്ടുള്ളവരാകും ഇവര്‍.

മാത്രമല്ല പല കാരണങ്ങളാല്‍ ബാല്യകൗമാരങ്ങളില്‍ വേണ്ടത്ര അംഗീകരിക്കപ്പെടാതെപോയ സാഹചര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ നിരവധിയുണ്ടാവും.

ഇക്കൂട്ടരുടെ സങ്കല്പത്തിലേതുപോലെ സമൂഹത്തില്‍ ബഹുമാനിക്കപ്പെടാതെ ഒതുക്കപ്പെട്ടുപോയ മാതാപിതാക്കളാവും ഇവരുടേത്.

ഇത്തരം നെഗറ്റീവായ അനുഭവങ്ങളുടെ ഇന്ദ്രിയതലസ്വാധീനം ആധുനിക മനശ്ശാസ്ത്ര സങ്കേതങ്ങളിലൂടെ ദൂരീകരിക്കപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ഇത്തരം ‘പൊങ്ങച്ച-ജാഡ-വാചകമടി’ക്കാര്‍ക്ക് ഈ ദുസ്സ്വഭാവത്തില്‍നിന്നും മോചിതരാവാന്‍ സാധിക്കും.

Leave a Reply

spot_img

Related articles

ക്ഷേത്ര പരിപാടിയിൽ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ നടന്ന ഗാനമേളയില്‍ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിന്‍റെ...

അരുവിക്കരയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി 6 വയസുകാരൻ മരിച്ചു.

അരുവിക്കര മലമുകളില്‍ അദ്വൈത് (6) ആണ് മരിച്ചത്.വീട്ടിലെ റൂമിലെ ജനലില്‍ ഷാള്‍ കൊണ്ട് കളിച്ചപ്പോള്‍ അബദ്ധത്തില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് അപകടമുണ്ടായത്.കുട്ടിയെ ഉടൻ തന്നെ...

മുനമ്പത്തെ 610 കുടുംബങ്ങളുടെയും റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കും വരെ സമരം തുടരുമെന്ന് ഭൂസംരക്ഷണ സമിതി

പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയ മാറ്റത്തിന്റെയും തുടക്കമാണ്. ആരാണ് ഒറ്റുകാർ എന്നു ബോദ്ധ്യമായ സാഹചര്യത്തില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്ന് സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു....

മധ്യപ്രദേശില്‍ ക്രൈസ്തവ പുരോഹിതർ ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ

ക്രിസ്തുമസ് ആകുമ്പോൾ കേക്കുമായി കേരളത്തിലെ അരമനകള്‍ കയറിയിറങ്ങുന്ന പല പേരിലറിയുന്ന സംഘപരിവാറുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.അവരാണ് ഗ്രഹാം സ്റ്റെയ്ൻസ് എന്ന മിഷണറിയെയും...