രാജ്യത്തുടനീളം നിയമം നടപ്പാക്കുന്നതിന് വഴിയൊരുക്കി പൗരത്വ നിയമം ഭേദഗതി ചെയ്ത് ആഭ്യന്തര മന്ത്രാലയം ഇന്ന് വിജ്ഞാപനം പുറപ്പെടുവിച്ചു.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് നിയമം എളുപ്പമാക്കുന്നു.
പൗരത്വത്തിനുള്ള അപേക്ഷകൾ പൂർണമായും ഓൺലൈൻ മോഡിൽ സമർപ്പിക്കുമെന്ന് മന്ത്രാലയ വക്താവ് എക്‌സിൽ എഴുതി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഇത്.
2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ മുൻപറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം അല്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനാണ് നിയമം ലക്ഷ്യമിടുന്നത്.
2019-ൽ നിയമം നിലവിൽ വന്നതിന് പിന്നാലെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.
സിഎഎ നിയമം ആർക്കും തടയാനാകില്ലെന്ന് അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
‘ഇത് തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കും. ഇതാണ് രാജ്യത്തെ നിയമം, ആർക്കും തടയാൻ കഴിയില്ല. ഇതാണ് യാഥാർത്ഥ്യം,’ അദ്ദേഹം പറഞ്ഞു.
സിഎഎ രാജ്യത്തിൻ്റെ നടപടിയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. നിയമം ആരുടെയും പൗരത്വം കവർന്നെടുക്കില്ലെന്ന് അദ്ദേഹം ന്യൂനപക്ഷങ്ങൾക്ക് ഉറപ്പ് നൽകി.
“സിഎഎ രാജ്യത്തിൻ്റെ നടപടിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് അത് ഉണ്ടാകും. അതിനെ ചുറ്റിപ്പറ്റി ആശയക്കുഴപ്പം ഉണ്ടാകരുത്. നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സമുദായം പ്രകോപിതരാകുകയാണ്. നിയമത്തിൽ വ്യവസ്ഥകളില്ലാത്തതിനാൽ സിഎഎയ്ക്ക് ആരുടെയും പൗരത്വം കവർന്നെടുക്കാനാകില്ല. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പീഡിപ്പിക്കപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമമാണ് സിഎഎ,” ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഇ ടി ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കവെ ഷാ പറഞ്ഞു.
കോൺഗ്രസ് സർക്കാർ വാഗ്ദ്ധാനം ചെയ്തതാണ് നിയമം എന്ന് അമിത് ഷാ അതേ ചടങ്ങിൽ പറഞ്ഞിരുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്ത് സിഎഎ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വ്യാഴാഴ്ച പറഞ്ഞു.
പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കാനുള്ള തീരുമാനത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശംസിച്ചു.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളെ സഹായിച്ചതിന് അമിത് ഷായ്ക്കും പ്രധാനമന്ത്രി മോദിക്കും അദ്ദേഹം നന്ദി പറഞ്ഞു.