കഥ/ അഭയവർമ്മ
കറുത്ത മുഖം മൂടിക്കാരൻ
കൈയിൽ തിളങ്ങുന്ന കത്തി.
പ്രഭാവതി നടുങ്ങിപ്പോയി.
സഹായത്തിനു വിളിക്കാൻ പോലും ആരുമില്ല.
”ഉം…നിന്റെ ആഭരണങ്ങൾ ഊരി ഈ തോർത്തിൽ വയ്ക്ക്!”
അവൾക്ക് അനുസരിക്കയേ മാർഗ്ഗമുള്ളു.
”ഈ കാപ്പും നിനക്ക് വേണോ?”
പ്രഭാവതിക്ക് വിഷമമായിത്തുടങ്ങി. ഇട്ടു കൊതി തീർന്നിട്ടില്ല.
”വേണം! താലിമാലയൊഴിച്ച് എല്ലാം.”
കള്ളൻ കരുണയുള്ളവനാണല്ലോ!
അവൾ അവനെ സൂക്ഷിച്ചു നോക്കി.
കണ്ണുകൾക്കു ചുറ്റും ഫാൻറത്തിന്റെ മാതിരി കറുത്ത തുണി ചുറ്റികെട്ടിയിരിക്കുകയാണ്.
നനുത്ത മീശയാണവന്. കരികൊണ്ട് വരച്ചു കനം കൂട്ടിയിരിക്കയാണ്!
അവൾക്കു ചിരിവന്നു.
”ചിരിക്കരുത്.” അവൻ അലറി
എന്നാൽ അവൾ വീണ്ടും ചിരിക്കയാണുണ്ടായത്!
”നീയെന്തിനാണു ചിരിക്കുന്നത്?”
”നീയി മെയ്ക്കപ്പിട്ടില്ലെങ്കിലും ഞാനീ സ്വർണ്ണമൊക്കെ ഊരിത്തന്നേനേം.”
”ങേ!”
അവനത് പുതിയ അറിവായിരുന്നു.
അവൻ തോർത്തിൽ ആഭരണങ്ങൾ പൊതിഞ്ഞെടുക്കുവാൻ തുടങ്ങി.
”നീ പോകാൻ തുടങ്ങുകയാണോ?”
”അതെ.”
”ഛെ!! നീ എവിടെ കിടന്ന കള്ളനാണ്?”
”പിന്നെ ഞാനെന്താണ് ചെയ്യേണ്ടത്?”
”നീയെന്താ എന്നെ ഉപയോഗിക്കാത്തത്?”
”അതു ഞാൻ!!”
അവന്റെ തൊണ്ടയിലെ വെള്ളം വറ്റി.
”ശത്രുരാജ്യം ആക്രമിക്കുമ്പോൾ പട്ടാളം അവിടെയുള്ള പെണ്ണുങ്ങളെയും സ്വന്തമാക്കുമെന്ന് നീ ചരിത്രത്തിൽ പഠിച്ചിട്ടില്ലേ?”
”ഉണ്ട്.”
”എങ്കിൽ പിന്നെ എന്താണ് അമാന്തിക്കുന്നത്?”
”എനിക്കു പെണ്ണു വേണ്ട! പണം മതി!!”
”നീയെന്താ വിയർക്കുന്നത്?”
”നിങ്ങളെന്താ ഇങ്ങനെ നോക്കുന്നത്?”
അവന്റെ ശബ്ദം ഇടറിത്തുടങ്ങി.
”എനിക്കു നിന്നെ വേണം.” അവളുടെ ശബ്ദം ഉയർന്നു.
”എനിക്കു ഒന്നും വേണ്ട. ഇതാ നിങ്ങളുടെ സ്വർണ്ണം!”
അവൾ സാവധാനം അവന്റെ സമീപത്തേക്ക് നടന്നടുത്തു. അവന്റെ കത്തി താഴെ വീണു.
പ്രഭാവതി നോക്കിനിൽക്കേ അവൻ ഇരുട്ടിലേക്ക് ഓടിമറഞ്ഞു.
അവൾ ഉറക്കെ ചിരിച്ചു. പിന്നീട് തോർത്തിൽ പൊതിഞ്ഞു വച്ച ആഭരണങ്ങൾ ഓരോന്നായി എടുത്ത് അതിന്റെ ഭംഗി ആസ്വദിച്ചു.
ഈ സമയത്ത് ഫോൺ ശബ്ദിച്ചു.
അവളുടെ ചുണ്ടത്ത് വീണ്ടുമൊരു മന്ദഹാസമുണ്ടായി.
”കള്ളൻ!”