കവിത/ ജോൺ വറുഗീസ്
ഞാനിന്നുമൊരു
വിഭ്രമത്തിന്റെ ചില്ലയിൽ
സ്വന്തം
പെരുവിരൽക്കൊളുത്തിൽ
തൂങ്ങി
താഴെയനന്തമാം
ആഴനീലിമയിലേയ്ക്കു നോക്കി
നടുങ്ങി
ആദ്യന്തവിഹീനമാം
ഋണഗണിതത്തിന്റെ
പെരുക്കചിഹ്നങ്ങളെണ്ണിയെണ്ണി
ഏഴുസമുദ്രങ്ങൾക്കുള്ളിലെ
ഏകാന്തദ്വീപിലിരിക്കുന്നു.
കനത്തുവരുമൊരു
കനൽക്കാറ്റിന്റെ
കറുത്തപക്ഷങ്ങളിൽ തട്ടി
വരിമറന്ന പക്ഷികൾ
ചിതറിനിൽക്കുന്നാകാശം
തരുണ സൂര്യതാപം
തല മുണ്ഡനം ചെയ്ത ഭൂമി
ഏതോ
കുരുതിക്കളത്തിലേക്ക്
സ്വയമുരുളുകയാണൊരു
നിഴൽപ്പട.
വനമിറങ്ങുന്ന വന്യത
തപമളക്കുന്ന താപസർ
ഇരുളിൻ മുഖത്തെഴുത്തുകൾ
മറനീക്കിയെത്തുന്ന
കളിയരങ്ങുകൾ
കാർമേഘ ചിമിഴിലുറങ്ങുന്നു
തപ്ത തീർത്ഥങ്ങൾ
കറുപ്പിന്റെ
കമണ്ഡലുവിലൊളിപ്പിച്ച
സപ്ത തീർത്ഥങ്ങൾ.
ഒന്നിനി പെയ്യുക
മഹാമുനേ
മൗനമുടഞ്ഞൊരു
മൺകുടം തൂവട്ടെ
കുടമുരുട്ടിമലയിൽ നിന്നൊരു
തുടം ചോർന്ന്
തിടമില്ലാതിടതടവില്ലാ-
തൊഴുക്കിൽ
അഴുക്കിനലുക്കുക-
ളെല്ലാമുലച്ച്
നേർത്തുള്ളിയായ്
ഉലയിലൂതിത്തെളിക്കു-
മഗ്‌നിയായ്
ഉയരത്തിലെത്തിപ്പിടിക്കും
ആകാശനീലയായ്
നിലാവായ്
എന്റെയീ
ആശ്ചര്യചിഹ്നത്തിൽ
പൂർണ്ണവിരാമമായി
വിടരുക
ഉയരത്തിലാഴത്തി-
ലെന്റെ
ആത്മപ്രപഞ്ചത്തിൽ
ഒരു നീർത്തുള്ളി
നിരാകാരമായ
നേർത്തുള്ളി.
ജോൺ വർഗീസ്