ന്യൂഡൽഹി: 88 മണ്ഡലങ്ങളിലായി നടക്കുന്ന രണ്ടാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ 3 മണിവരെ 50.3 ശതമാനം പോളിങ്.
1200 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.
മണിപ്പൂർ, ഛത്തീസ്ഗഡ്, ബംഗാൾ, അസം, ത്രിപുര എന്നിവിടങ്ങളിൽ 53% പോളിങ് രേഖപ്പെടുത്തിയപ്പോൾ മഹാരാഷ്ട്രയിലാണ് പോളിങ് ശതമാനം ഏറ്റവും കുറവ്.
31 ശതമാനമാണ് മഹാരാഷ്ട്രയിലെ പോളിങ്. 2019ൽ ഈ 88 സീറ്റുകളിൽ ഉച്ചയ്ക്ക് 1 മണി വരെ 40% പോളിങ് രേഖപ്പെടുത്തിയിരുന്നു.
കേരളത്തിലെ എല്ലാ സീറ്റുകളിലും കർണാടകയിലെ 28ൽ 14 സീറ്റുകളിലും രാജസ്ഥാനിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും 8 സീറ്റുകളിലും മധ്യപ്രദേശിൽ 7 സീറ്റുകളിലും അസമിലും ബിഹാറിലും 5 സീറ്റുകളിലും ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും 3 സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്.
ബിജെപിയിൽ നിന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ,തേജസ്വി സൂര്യ, ഹേമമാലിനി, അരുൺ ഗോവിൽ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ്, കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവരാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖർ.
രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 2019ൽ എൻഡിഎ 56 സീറ്റുകളിലും യുപിഎ 24 സീറ്റുകളിലുമാണ് വിജയിച്ചത്.