ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പാർട്ടി പ്രവർത്തകർ ശനിയാഴ്ച ലക്ഷ്മി നഗറിൽ പ്രതിഷേധ മാർച്ച് നടത്തി.
അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്‌രിവാളിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് റോഡ്ഷോയ്ക്ക് മുന്നോടിയായായാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
ആംആദ്മി പാർട്ടിയുടെ ‘ജയിൽ കാ ജവാബ് വോട്ട് സേ’ എന്ന കാമ്പയിനിന്റെ ഭാഗമായി കിഴക്കൻ ഡൽഹിയിലെ കാൽനടപ്പാലത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
എ.എ.പിയുടെ കിഴക്കൻ ഡൽഹി ലോക്സഭാ സ്ഥാനാർത്ഥി കുൽദീപ് കുമാറിനു വേണ്ടിയാണ് സുനിത കെജ്‌രിവാൾ പ്രചാരണത്തിനിറങ്ങുന്നത്.
കെജ്‌രിവാളിന്റെ അറസ്റ്റിന് തക്കതായ മറുപടി നൽകാൻ ഡൽഹിയിലെ ജനങ്ങൾ തയ്യാറാണെന്ന് കുൽദീപ് കുമാർ പറഞ്ഞു.
കിഴക്കൻ ഡൽഹിയിൽ കുമാറിന് വേണ്ടിയുള്ള റോഡ്ഷോയോടെ പാർട്ടിക്ക് വേണ്ടിയുള്ള സുനിത കെജ്‌രിവാളിന്റെ പ്രചാരണം ആരംഭിക്കും.
ദേശീയ തലസ്ഥാനത്തും മറ്റ് സംസ്ഥാനങ്ങളിലും എ.എ.പിയുടെ ലോക്സഭാ പ്രചാരണത്തിന് സുനിത കെജ്‌രിവാളാണ് നേതൃത്വം നൽകുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിലവിൽ തിഹാർ ജയിലിൽ കഴിയുകയാണ്.