നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
താൻ മുസ്ലിംകളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്നും നരേന്ദ്രമോദി പറഞ്ഞു.
മുസ്ലിംകളോടുള്ള തന്റെ സ്നേഹം താൻ മാർക്കറ്റ് ചെയ്യാറില്ലെന്ന് മോദി പറഞ്ഞു. “ഞാൻ വോട്ട് ബാങ്കിന് വേണ്ടിയല്ല പ്രവർത്തിക്കുന്നത്.
സബ്കാ സാഥിലും സബ്കാ വികാസിലും ഞാൻ വിശ്വസിക്കുന്നു.”-പ്രധാനമന്ത്രി മോദി പറഞ്ഞു. “ഞാൻ ഞെട്ടിപ്പോയി, കൂടുതൽ കുട്ടികളുള്ളവരെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അവർ മുസ്ലിംകളാണെന്ന് അനുമാനിക്കുമെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?
നിങ്ങൾ മുസ്ലിംകളോട് ഇത്ര അനീതി കാണിക്കുന്നത് എന്തുകൊണ്ട്? പാവപ്പെട്ട കുടുംബങ്ങളിലും ഇതാണ് അവസ്ഥ.
അവരുടെ സാമൂഹിക അവസ്ഥ പരിഗണിക്കാതെ ദാരിദ്ര്യം ഉള്ളിടത്ത് കൂടുതൽ കുട്ടികളുള്ള സാഹചര്യമുണ്ട്.
ഞാൻ ഹിന്ദുവെന്നോ മുസ്ലിമെന്നോ പറഞ്ഞിട്ടില്ല. ഒരാൾക്ക് പരിപാലിക്കാൻ കഴിയുന്നത്ര കുട്ടികളുണ്ടാകണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.
നിങ്ങളുടെ കുട്ടികളെ സർക്കാർ നോക്കേണ്ട സാഹചര്യം ഉണ്ടാകരുത്.’ -മോദി പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ 2002ൽ നടന്ന ഗോധ്ര കലാപത്തിന് ശേഷം എതിരാളികൾ മുസ്ലിംകൾക്കിടയിൽ തൻ്റെ പ്രതിച്ഛായ മോശമാക്കിയെന്നും മോദി പറഞ്ഞു.
‘മുസ്ലിംകൾ തന്നെ പിന്തുണക്കുന്നുണ്ടെങ്കിലും അവരോട് അത് ചെയ്യൂ ഇത് ചെയ്യൂ എന്ന് പറയാനും ആളുകളുണ്ട്. എൻ്റെ വീട്ടിൽ, എനിക്ക് ചുറ്റും മുസ്ലിം കുടുംബങ്ങൾ ഉണ്ട്.
ഞങ്ങളുടെ വീട്ടിലും പെരുന്നാൾ ആഘോഷിച്ചു, ഞങ്ങളുടെ വീട്ടിൽ വേറെയും ആഘോഷങ്ങൾ നടക്കാറുണ്ട്. ഈദ് ദിനത്തിൽ ഞങ്ങളുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്തിരുന്നില്ല.
എല്ലാ മുസ്ലിം കുടുംബങ്ങളിൽ നിന്നും എൻ്റെ വീട്ടിലേക്ക് ഭക്ഷണം കൊണ്ടുവന്നിരുന്നു. ആ ലോകത്താണ് ഞാൻ വളർന്നത്.
ഇന്നും എൻ്റെ സുഹൃത്തുക്കളിൽ പലരും മുസ്ലീങ്ങളാണ്. 2002-ന് ശേഷം തൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു’. -മോദി പറഞ്ഞു.