ശ്രീനഗർ: ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ജമ്മു കാശ്മീരിൽ തോറ്റു.
പ്രത്യേക പദവി റദ്ദാക്കിയ ശേഷം ജമ്മു കാശ്മീരിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് ഈ പരാജയം.
ജമ്മുകാശ്മീരിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളാണിത്.
നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയെ ബാരാമുള്ള മണ്ഡലത്തിൽ തോൽപ്പിച്ചത് ഭീകരപ്രവർത്തനത്തിന് തീഹാർ ജയിലിൽ കിടക്കുന്ന ഷെയ്ഖ് അബ്ദുൽ റഷീദ് ആണ്.
മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ട്.
എൻജിനീയർ റഷീദ് എന്നറിയപ്പെടുന്ന ഇയാൾ ഭീകരർക്ക് ഫണ്ട് നൽകിയതുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ അഞ്ചുവർഷമായി തിഹാർ ജയിലിലാണ്.
അവാമി ഇത്തിഹാദ് പാർട്ടിയുടെ തലവനായ റഷീദ് സ്വതന്ത്രനായാണ് മത്സരിച്ചത്.
അംഗീകരിക്കേണ്ട സമയമാണിതെന്നും റഷീദിന് അഭിനന്ദനങ്ങളെന്നും ഒമർ അബ്ദുള്ള പ്രതികരിച്ചു.
അനന്ത്നാഗ് - രജൗറി മണ്ഡലത്തിൽ മത്സരിച്ച പി.ഡി.പി സ്ഥാനാർത്ഥി മെഹബൂബ മുഫ്ത്തിയെ നാഷണൽ കോൺഫറൻസിന്റെ മിയാൻ അൽത്താഫ് രണ്ട് ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ജനങ്ങളുടെ വിധി മാനിക്കുന്നെന്നും പി.ഡി.പി പ്രവർത്തകർക്കും നേതാക്കളും നന്ദി പറയുന്നെന്നും മുഫ്ത്തി അറിയിച്ചു.
ജമ്മുകാശ്മീരിലെ ശ്രീനഗറിൽ നാഷണൽ കോൺഫറൻസിന്റെ ആഗാ സയീദ് റൂഹുള്ള മെഹ്ദി ലീഡ് ചെയ്യുന്നു.
ബി. ജെ. പിയുടെ സിറ്റിംഗ് എം. പിമാരായ ജുഗൽ കിഷോർ ശർമ്മയും ജിതേന്ദ്ര സിംഗും ജമ്മു, ഉധംപൂർ സീറ്റുകളിൽ ലീഡ് നേടി.
വിദ്യാർത്ഥികളായ പുത്രന്മാർ അബ്രാർ റഷീദും അസ്രാർ റഷീദുമാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്.
2008ലും 2014ലും ലാംഗതേ സീറ്റിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.