സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് പദ്ധതി ഒക്ടോബറില്‍ കൊച്ചിയില്‍ ആരംഭിക്കും.
വിശാലകൊച്ചി വികസന അതോറിറ്റിയാണ് (ജി.സി.ഡി.എ) പദ്ധതി നടപ്പാക്കുന്നത്.
തേവരയ്ക്കടുത്ത് കസ്തൂർബ നഗറിലാണ് ആദ്യ ഫുഡ് സ്ട്രീറ്റിന് തുടക്കം കുറിക്കുക. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് മേല്‍നോട്ട ചുമതല. രാജ്യത്തെ 100 കേന്ദ്രങ്ങളില്‍ ഫുഡ് സ്ട്രീറ്റ് ആരംഭിക്കുന്ന കേന്ദ്രപദ്ധതിയാണിത്.
വൃത്തിയും സുരക്ഷിതവുമായ ഭക്ഷണം വിളമ്പുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉടൻ സ്ഥലം സന്ദർശിക്കും.
ഫുഡ്സ്ട്രീറ്റ് ആരംഭിക്കുന്ന സ്ഥലത്തുള്ള ട്രാൻസ്ഫോർമറും കേബിളുകളും മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണിപ്പോള്‍ നടക്കുന്നത്.
2023ല്‍ ആണ് കേന്ദ്ര പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് നാലിടത്താണ് ഫുഡ്സ്ട്രീറ്റ് ആരംഭിക്കുന്നത്.
10000 ചതുരശ്ര അടിയിലാണ് ഫുഡ്സ്ട്രീറ്റ് നിർമ്മിക്കുക. 20 ബങ്കുകളുമുണ്ടാകും. ഓപ്പണ്‍ ഡൈനിംഗ് ഏരിയ, വാഷ് ഏരിയ, 5000 സ്ക്വയർ ഫീറ്റില്‍ പാർക്കിംഗ് സ്ഥലം, നടവഴികള്‍ എന്നിവയുണ്ടാകും.
കാർ പാർക്കിംഗ്, ലാൻഡ് സ്‌കേപ്പിംഗ്, ഖരമാലിന്യ സംസ്‌കരണ സൗകര്യം, ഡ്രെയിനേജ് എന്നിവയും പ്രത്യേകതയാണ്. വൈകുന്നേരം മുതല്‍ പുലർച്ചെ വരെയാകും പ്രവർത്തന സമയം. കലാ വിനോദ പരിപാടികളും നടത്താം.
ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വില്പന കേന്ദ്രങ്ങള്‍ പ്രവർത്തിക്കേണ്ടത്.
ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷ്യ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നല്‍കും.
ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം പദ്ധതിക്കുണ്ട്.