2010 വേൾഡ് കപ്പ് വിജയിയെ പ്രവചിച്ച നീരാളിയെ ലോകം മറന്നിട്ടുണ്ടാകില്ല. ജർമ്മനിയിലെ ഒബെർഹൗസണിലെ സീ ലൈഫ് സെൻ്ററിലെ ഒരു ടാങ്കിൽ താമസിക്കുന്ന നീരാളിയായിരുന്നു പോൾ. 2010 ലോകകപ്പ് ഫൈനലിലും ജർമ്മനിയുടെ ഏഴ് മത്സരങ്ങളിലെയും വിജയിയെ ശരിയായി തിരഞ്ഞെടുത്തതിലൂടെ പോൾ ലോകമെമ്പാടും പ്രശസ്തനായിരുന്നു.
ഇപ്പോൾ യൂറോ കപ്പ് ആരംഭിച്ചിരിക്കുന്നു. വിജയികളെ പ്രവചിക്കാൻ മറ്റൊരു ജ്യോതിഷി ഉണ്ടായിരിക്കുന്നു. ഇത്തവണ അതൊരു ആഫ്രിക്കൻ ആനയാണ്. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഓപ്പണർ മത്സരത്തിലെ വിജയി ജർമനിയാണെന്ന് ബുബി എന്നു പേരുള്ള ആന പ്രവചിച്ചു.
ഇന്നു പുലർച്ചെ ആയിരുന്നു ജർമനിയും സ്കോട്ട്ലാൻഡും തമ്മിലുള്ള മത്സരം. ജർമനി സ്കോഡ്ലാൻഡിനെ 5-1 ന് തോൽപ്പിച്ചു. ബുബിയുടെ പ്രവചനം സത്യമായി ഭവിച്ചു.
ഇത്തവണ ആതിഥേയരും ജർമനി തന്നെ.
മധ്യ ജർമ്മനിയിലെ തുറിംഗിയയിലെ റിസർവിലാണ് ബുബിയുടെ താമസം.
ജർമ്മനിയുടെയും സ്കോട്ട്‌ലൻഡിൻ്റെയും പതാകകൾ വെച്ചിട്ട് പന്തടിക്കാനായിരുന്നു ബുബിക്ക് കിട്ടിയ പാപ്പാൻ്റെ നിർദ്ദേശം. അവൾ (ബുബി പിടിയാനയാണ് കേട്ടോ) പന്തടിച്ചു, ജർമനിയുടെ പതാകക്ക് നേരെ.
ബുബിയുടെ സ്വദേശം ഇറ്റലിയാണ്. അവൾ തുമ്പിക്കൈയാൽ ജർമനിയുടെ പതാകയെടുത്ത് വീശുകയും ചെയ്തു.
പ്രവചനം കഴിഞ്ഞതും അവൾക്ക് സമ്മാനവും കിട്ടി, ഒരു ബക്കറ്റ് നിറയെ ബാർലി വെള്ളം. അവളത് ആർത്തിയോടെ വലിച്ചു കുടിച്ചു.
ബുബിക്ക് സ്പോർട്സ് മാൻ സ്പിരിറ്റ് നന്നായി ഉണ്ടെന്നും തെളിഞ്ഞു. എങ്ങനെയെന്നല്ലേ?
അറിയാതെ പന്ത് അവളുടെ കൂടിനകത്തേക്ക് വന്നപ്പോൾ അവൾ കാലെടുത്ത് ഒരു നല്ല കിക്ക് കൊടുത്തു!!