മാലിന്യ നീക്കാനിറങ്ങിയപ്പോൾ ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പുനൽകി സർക്കാർ.
ജോയിയുടെ അമ്മക്ക് വീട് നിർമിച്ച് നൽകുമെന്നും പൊളിഞ്ഞ് കിടക്കുന്ന വീട്ടിലേക്കുള്ള വഴി നന്നാക്കുമെന്നും പാറശാല എം.എല്‍.എ സി.കെ. ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചു.സഹോദരന്റെ മകന് ജോലി നൽകും.
അതോടൊപ്പം അമ്മക്ക് 10 ലക്ഷം രൂപ ധനസഹായവും നൽകും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തേക്കും.ശനിയാഴ്ച രാവിലെ 11മണിയോടെയാണ് ജോയിയെ ആമയിഴഞ്ചാൻ തോടെന്ന മാലിന്യക്കയത്തിൽ പെട്ട് കാണാതായത്. 46 മണിക്കൂറിനു ശേഷം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജീർണിച്ച അവസ്ഥയിൽ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തിരച്ചിലിനെത്തിയിരുന്നു.