എല്ലാ വർഷവും, ആഗസ്റ്റ് 12 ന് ലോക ആന ദിനം ആചരിക്കുന്നത് ആനകളുടെ സംരക്ഷണത്തിലെ വെല്ലുവിളികളെക്കുറിച്ചും ലോകമെമ്പാടുമുള്ള അവയുടെ സംരക്ഷണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ്. ആനകളെ ഭൂമിയിലെ ഏറ്റവും സൗഹാർദ്ദപരമായ മൃഗങ്ങളിലൊന്നായി കണക്കാക്കുകയും ആവാസവ്യവസ്ഥയെ സന്തുലിതമാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ആന ദിനം അവയുടെ അതിജീവനത്തിലും ആവാസവ്യവസ്ഥയുടെ നഷ്ടത്തിലും ഉള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഊന്നൽ നൽകുന്നു. ഈ വന്യമൃഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും അവയെ സംരക്ഷിക്കാൻ നടപടിയെടുക്കാനുമുള്ള അവസരമാണിത്.
കനേഡിയൻ ചലച്ചിത്ര പ്രവർത്തകരായ പട്രീഷ്യ സിംസും മൈക്കൽ ക്ലാർക്കും വിവിധ സംരക്ഷണ സംഘടനകളുടെ പിന്തുണയോടെ ആഗോള ആനദിനം ആരംഭിച്ചു. 2012 മുതലാണ് ലോക ആന ദിനത്തിൻ്റെ ഉത്ഭവം. വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നാശം, മനുഷ്യ-വന്യജീവി സംഘർഷം എന്നിവ കാരണം ആനകൾ നേരിടുന്ന കടുത്ത ഭീഷണികൾ പരിഹരിക്കാനാണ് അവർ ലക്ഷ്യമിട്ടത്.
വലിപ്പവും ശക്തിയും കാരണം ആനകൾക്ക് മറ്റ് മൃഗങ്ങൾ വേട്ടയാടപ്പെടുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടിവരില്ല. കാരണം കരയിലെ ഏറ്റവും വലിയ മൃഗമാണല്ലോ ആന. അവരുടെ ഏറ്റവും വലിയ ഭീഷണികളെല്ലാം മനുഷ്യരിൽ നിന്നാണ്. ലോക ആന ദിനം ആചരിക്കുന്നത് ആനകളുടെ പ്രാധാന്യം തിരിച്ചറിയാൻ മാത്രമല്ല അവയുടെ സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിന് കൃത്യമായ നടപടികൾ കൈക്കൊള്ളുവാനും കൂടിയാണ്. ഭൂപ്രകൃതിയുടെ ഇടതൂർന്ന സസ്യജാലങ്ങൾ രൂപപ്പെടുത്തുന്നതിൽ ആനകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന് ആനകൾ മരങ്ങൾ മുറിച്ച് അവയിൽ ദ്വാരങ്ങൾ ഇടുന്നു. അങ്ങനെ സൂര്യപ്രകാശം പുതുതായി നട്ടുപിടിപ്പിച്ച തൈകളിൽ എത്തും. ഇത് വനങ്ങളുടെ വളർച്ചയും സ്വാഭാവിക പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുന്നു.
എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി മോദി ആനകളുടെ ഇന്ത്യയിലെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം എടുത്തുപറയുകയും അവയുടെ എണ്ണത്തിലെ സമീപകാല വർദ്ധന ശ്രദ്ധിക്കുകയും ചെയ്തു. “ആനകളെ സംരക്ഷിക്കുന്നതിനുള്ള വിപുലമായ സമൂഹ ശ്രമങ്ങളെ അഭിനന്ദിക്കാനുള്ള അവസരമാണ് ലോക ആന ദിനം. അതേ സമയം, ആനകൾക്ക് ജീവിക്കാൻ കഴിയുന്ന അനുയോജ്യമായ ഒരു ആവാസ വ്യവസ്ഥ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. ഇന്ത്യയിൽ ആന നമ്മുടെ സംസ്കാരവും ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നത് സന്തോഷകരമാണ്,” പ്രധാനമന്ത്രി മോദി പറഞ്ഞു.