മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച സുരക്ഷാ വിഷയത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന്
ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നതാണ് കേരളത്തിൻ്റെ ആവശ്യം. ഇക്കാര്യത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണ്. ഇത് സംബന്ധിച്ച് തമിഴ്നാടും കേരളവും തമ്മിൽ കേസ് നിലവിലുണ്ട്. പരമോന്നത നീതിപീഠത്തിന്റെ ശുഭകരമായ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം തന്നെ ഇക്കാര്യം കോടതിക്ക് പുറത്ത് ചർച്ചചെയ്ത് പരിഹരിക്കാനാവുമോ എന്നതും പരിശോധിക്കും.
ഡാം മാനേജ്മെൻ്റ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കണം. ഇതിനായി ഉദ്യോഗസ്ഥതല ഏകോപനം കൂടുതൽ ശക്തിപ്പെടുത്തും . സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകും. അനാവശ്യ ഭീതിപരത്തുന്ന വ്ലോഗർമാരെ നിയന്ത്രിക്കും. ആശങ്കപ്പെടണ്ട ഒരു കാര്യവും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.
സുരക്ഷാ മുൻകരുതൽ സംബന്ധിച്ച മുന്നൊരുക്ക പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകാനും ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി . പഞ്ചായത്ത്തല ജാഗ്രത സമിതികൾ ഉടൻ വിളിച്ചു ചേർക്കും . വണ്ടിപ്പെരിയാറിൽ വാഴൂർ സോമൻ എം എൽ എ യുടെ അധ്യക്ഷതയിലാകും യോഗം ചേരുക . ഡാം സേഫ്റ്റി സമിതി യോഗങ്ങൾ കൃത്യസമയത്ത് ചേർന്ന് വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.
ഡീൻ കുര്യാക്കോസ് എം പി, എം എൽ എ മാരായ വാഴൂർ സോമൻ, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു, ജില്ലാ കളക്ടർ വി വിഘ്നേശ്വരി, എ ഡി എം ബി ജ്യോതി ,മറ്റ് ജില്ലാതല വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.