രണ്ട് ദിവസം മുൻപാണ് വെള്ളറട പഞ്ചായത്തില്‍ കരടിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളികള്‍ അറിയിച്ചത്.തുടർന്ന് നാട്ടുകാര്‍ ഭീതിയിലായിരുന്നു.
വിവരം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ കിട്ടിയിട്ടുള്ളത്.
ആനപ്പാറയിലെ പെട്രോൾ പമ്പിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ കരടി റോഡ് മുറിച്ച് കടക്കുന്നത് കാണാനാകും.
വെള്ളറട പഞ്ചായത്തിലെ വെള്ളറട വാര്‍ഡില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ടാപ്പിംഗ് തൊഴിലാളികള്‍ കരടിയെ കണ്ടത്.
റബ്ബര്‍ ടാപ്പിംഗിന് എത്തിയ ശ്രീകുമാര്‍, ജോയ് എന്നിവര്‍ കരടിയെ കണ്ട് പിന്‍തിരിഞ്ഞോടുകയായിരുന്നു.
രണ്ടുദിവസം മുമ്പ് പ്രദേശവാസികളായ ജോയ്, മോഹനന്‍ എന്നിവരും കരടിയെ കണ്ടിരുന്നു.
തുടർന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചില്‍ നിന്നും സെക്ഷന്‍ ഓഫീസര്‍ കെ പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും കരടിയേ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
വീണ്ടും നാട്ടുകാര്‍ ആരെങ്കിലും കരടിയുടെ സാന്നിധ്യം കണ്ടാല്‍ കൂട് സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.