അശ്വിനി കുമാർ വധക്കേസിൽ 13 എൻ ഡി എഫ് പ്രവർത്തകരെ കോടതി വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി മറ്റ് പ്രതികളെയെല്ലാം വെറുതെ വിടുകയായിരുന്നു.
ചാവശ്ശേരി സ്വദേശി എം വി മർഷൂക്ക് മാത്രമാണ് കുറ്റക്കാരൻ എന്നാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ വിധി. ഇയാൾക്കുള്ള ശിക്ഷ 14 ന് വിധിക്കും.
2005 മാർച്ച് 10 നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ബസിനുള്ളിൽ വെച്ച് ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർ എസ് എസ് നേതാവുമായ അശ്വിനി കുമാറിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ 14 എൻ ഡി എഫ് പ്രവർത്തകരായിരുന്നു പ്രതികൾ. നാല് പ്രതികൾ ബസിനുള്ളിൽ ആക്രമിച്ചു. അഞ്ച് പേർ പുറത്ത് ജീപ്പിലെത്തി ബോംബെറിഞ്ഞു എന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
13 എൻ ഡി എഫ് പ്രവർത്തകരെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യുഷൻ പറഞ്ഞു.